വിവിധ രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. സാധാരണയായി അരിയും ഉഴുന്ന് പരിപ്പും ഉപയോഗിച്ചുള്ള ദോശയാണ് നമ്മൾ ഉണ്ടാക്കാറുള്ളത്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി റവ കൊണ്ടുള്ള ദോശ തയ്യാറാക്കിയാലോ? ബ്രേക്ക്ഫാസ്റ്റിന് ഇനി മുതൽ റവ കൊണ്ടുള്ള ദോശ ആവാം.
ആവശ്യമായ ചേരുവകൾ
- റവ – 1/2 കപ്പ്
- അരിപ്പൊടി – 1/4 കപ്പ്
- മൈദ – 1/4 കപ്പ്
- സവാള – 1 എണ്ണം (ചെറുത്)
- ജീരകം -1/2 ടീസ്പൂൺ
- കായപ്പൊടി – ഒരു നുള്ള്
- മല്ലിയില – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 1 എണ്ണം
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചെയ്യേണ്ടത് മൂന്ന് പൊടികളും ആവശ്യാനുസരണം വെള്ളം ചേർത്ത് മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം മാവിലേക്ക് ജീരകം, ഉപ്പ്, കായപ്പൊടി, സവാള, മല്ലിയില, മുളക് എന്നിവ ചേർത്ത് യോജിപ്പിക്കുക. 20 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഈ മാവ് ഒഴിക്കുക. ചെറുതായൊന്ന് പരത്തുക. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണ തൂവുക. സാമ്പാറോ പുതിന ചട്‌നിയോടൊപ്പമോ കഴിക്കാം.