തണ്ണിമത്തനിൽ ഇത്രയധികം വെള്ളം അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ഇത് ശരീരത്തിന് വളരെ നല്ലതാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നത്. നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് തണ്ണിമത്തൻ സഹായിക്കുന്നു. ഇതുകൂടാതെ വൃക്കയുടെ പ്രവർത്തനത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും തണ്ണിമത്തൻ സഹായിക്കും.
സൗത്ത് ആഫ്രിക്കയിൽ നിന്നാണ് തണ്ണിമത്തൻ കേരളത്തിൽ എത്തുന്നത്. കുടിവെള്ളത്തിന് പുറമേ ജലാംശം കൂടുതൽ അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. തണ്ണിമത്തനിൽ 95% ജലാംശം അടങ്ങിയിരിക്കുന്നു. ഇതിനുപുറമെ വിറ്റാമിനുകളായ സി, എ, പാന്തനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ ഇതിലുണ്ട്.
കൃത്രിമമായി മാമ്പഴം പഴുപ്പിക്കാൻ മായം ചേർക്കുന്നതിനെ പറ്റി എല്ലാവർക്കും അറിയാം. ഓഫ് സീസണുകളിലും മാമ്പഴം ലഭ്യമാകുന്നത് ഇങ്ങനെയാണ്. എന്നാൽ ഇവ ശരീരത്തിനകത്തേക്ക് ചെല്ലുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ഇത്തരത്തിൽ തണ്ണിമത്തൻ മധുരമുള്ളതാക്കാനും മായം ചേർക്കാൻ സാധിക്കും. തണ്ണിമത്തന്റെ നിറം കൃത്രിമമായും നിർമ്മിക്കുന്നു. പല രാസവസ്തുക്കളും കുത്തിവച്ചാണ് തണ്ണിമത്തൻ വിപണിയിൽ എത്തുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
തണ്ണിമത്തന്റെ മാംസളഭാഗം ചുവപ്പാക്കാൻ അമേരിക്കയിലടക്കം പല രാജ്യങ്ങളിലും നിരോധിച്ച എറിത്രോസിൻ ബി എന്ന രാസപദാർഥം കുത്തിവെക്കാറുണ്ട്. നിറത്തിനും രുചിക്കുമായി ചിലയിനം മിഠായികളിലും കേക്ക് ഡെക്കറേറ്റിങ് ജെല്ലിലും എറിത്രോസിൻ ബി ഉപയോഗിക്കുന്നുണ്ട്. ഉയർന്ന അളവിൽ എറിത്രോസിൻ ഉപയോഗിക്കുന്നത് കാൻസറിന് കാരണമാകുന്നതായി എലികളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുത്തിവച്ച തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം?
* അമിതമായ പഴുത്തതോ രുചിയുള്ളതോ ആയ തണ്ണിമത്തന് പ്രത്യേക ശ്രദ്ധ നൽകണം.
* തണ്ണിമത്തൻ ഒരിടത്ത് മൃദുവും മറ്റൊരിടത്ത് ഉറച്ചതും ആണെങ്കിൽ, അത് കൃത്രിമത്വത്തിൻ്റെ ലക്ഷണമാകാം.
*രാസവസ്തുക്കൾ കുത്തിവച്ച തണ്ണിമത്തൻ്റെ പുറംതൊലിയിൽ അസാധാരണമായ വിള്ളലുകൾ ഉണ്ടാകാം.
*പഴത്തിൻ്റെ ബാഹ്യരൂപത്തെ മാത്രം ആശ്രയിക്കരുത്.
*ജൈവ ഉൽപന്നങ്ങൾ വിൽക്കുന്ന വിശ്വസ്തരായ കച്ചവടക്കാരിൽ നിന്ന് വാങ്ങണം.
*തൊലി കളഞ്ഞ് നന്നായി കഴുകുന്നത് രാസവസ്തുക്കൾ ഉപയോഗിച്ചുള്ള തണ്ണിമത്തൻ കഴിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.