മസ്കറ്റ് : മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി. ബുദ്ധ പൂർണിമ പ്രമാണിച്ച് (2024 മെയ് 23 ) ഇന്ന് വ്യാഴാഴ്ച മസ്‌കറ്റിലെ ഇന്ത്യൻ എംബസി തുറന്നു പ്രവർത്തിക്കുകയില്ലെന്ന് സ്ഥാനപതികാര്യാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ 24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 80071234 എന്ന നമ്പറിലേക്കും ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച മസ്കറ്റിൽ നിന്നും ജോർദാനിലേക്ക് പുറപ്പെട്ടു. സന്ദർശന വേളയിൽ ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.
ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അതിന് മുന്നോട്ട് നയിക്കുന്നതിനുമുള്ള ഇരു നേതൃത്വങ്ങളുടെയും താൽപ്പര്യമാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനും അതിനുള്ള മാർഗങ്ങളും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളെക്കുറിച്ചും നിലവിൽ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും.