ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വെസ്റ്റ് ഹാം യുനൈറ്റഡിന്റെ പുതിയ പരിശീലകനായി ഹുലന്‍ ലോപറ്റേഗിയെ നിയമിച്ചു. ഡേവിഡ് മോയസിന്റെ പകരക്കാരനായാണ് സ്പാനിഷ് കോച്ചായ ലോപറ്റേഗി വരുന്നത്.
രണ്ട് വര്‍ഷത്തെ കരാറിലാണ് ലോപറ്റേഗി സ്ഥാനം ഏറ്റത്. മികവ് അടിസ്ഥാനത്തില്‍ കരാര്‍ നീട്ടാമെന്നാണ് നിലവില്‍ വ്യവസ്ഥ. മുന്‍ സ്‌പെയിന്‍, റയല്‍ മാഡ്രിഡ് പരിശീലകനായ ലോപറ്റേഗിക്ക് നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലിപ്പിച്ചതിന്റെ പരിചയമുണ്ട്.
നേരത്തെ സ്‌പെയിന്‍ ദേശീയ ടീമിന്റെ വിവിധ പ്രായത്തിലുള്ള ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ലോപറ്റേഗി പോര്‍ട്ടോയുടെ പരിശീലകനുമായിരുന്നു. പിന്നീട് സ്‌പെയിന്‍ പരിശീലകനായി 2018ലെ ലോകകപ്പിനിടെ പുറത്തു പോകേണ്ടി വന്നതടക്കമുള്ള വിവാദങ്ങള്‍ അദ്ദേഹത്തിന്റെ പരിശീലക കരിയറിലുണ്ട്. സ്പാനിഷ് കോച്ചായിരിക്കെ റയല്‍ മാഡ്രിഡുമായി കരാറുണ്ടാക്കിയതാണ് ലോകകപ്പിനിടെ വിവാദമായത്. പിന്നാലെയാണ് പുറത്തായത്.
അതിനു ശേഷം റയല്‍ പരിശീലകനായി ചുമതലയേറ്റെങ്കിലും അധികം തിളങ്ങിയില്ല. 2018ല്‍ തന്നെ റയല്‍ ലോപറ്റേഗിയെ പുറത്താക്കുകയും ചെയ്തു. പിന്നീട് സെവിയ്യയുടെ പരിശീലകനായ അദ്ദേഹം അവരെ യൂറോപ്പ ലീഗ് കിരീട വിജയത്തിലേക്ക് നയിച്ചു. എന്നാല്‍ പിന്നീട് പ്രകടനം മോശമായതോടെ അവിടെ നിന്നു പുറത്താക്കപ്പെട്ടു.
2022-23 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിന്റെ പരിശീലകനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എന്നാല്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ടീമിനു സാധിച്ചില്ല. പിന്നീട് ഈ സീസണില്‍ അദ്ദേഹം ഒരു ടീമുകളേയും പരിശീലിപ്പിച്ചില്ല.