India

ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി; ഇത്തവണ സന്ദേശം ലഭിച്ചത് രണ്ട് കോളേജുകൾക്ക്

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി. ഡൽഹി സർവകലാശാലയിലെ രണ്ട് കോളേജുകളിൽ ബോംബ് ഭീഷണി. ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഫോൺ കോൾ വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് സൂചന.

വൈകിട്ട് 4.40ഓടെ ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.

അതേസമയം ബെംഗളൂരിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് നേരെയും ഇന്ന് ബോംബ് ഭീഷണി ഉയർന്നിരുന്നു. ഒട്ടേര ഹോട്ടൽ ഉൾപ്പെടെ മൂന്ന് ഹോട്ടലുകൾക്ക് നേരെ ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്.

തുടരെ തുടരെ ഉണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശത്തില്‍ ആശങ്കയിലാണ് ഡൽഹി. ദിവസങ്ങളായി പലയിടങ്ങളിലായി തുടരുന്ന ബോംബ് ഭീഷണി വലിയ തോതിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയിലും സൃഷ്ടിക്കുന്നത്. നേരത്തെ നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.

കഴിഞ്ഞ മാസവും ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി എത്തിയിരിക്കുന്നത്.