സൂപ്പർസ്റ്റാർ രജനികാന്തിനെ അബുദാബി സർക്കാർ യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചു. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെന്റ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി) വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് ഇതിഹാസ നടന് എമിറേറ്റ്സ് ഐഡി കൈമാറി. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫ് അലിയും ചടങ്ങിൽ പങ്കെടുത്തു.
അബുദാബി സർക്കാരിൽ നിന്ന് യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് രജനി പ്രതികരിച്ചു. അബുദാബി സർക്കാരിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാ സഹായവും നൽകി കൂടെ നിന്ന സുഹൃത്ത് എംഎ യൂസഫലിക്കും. യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച ശേഷം രജനികാന്ത് പറഞ്ഞു.
ക്യാബിനറ്റ് അംഗവും യുഎഇ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെയും രജനീകാന്ത് അബുദാബിയിലെ കൊട്ടാരത്തിൽ സന്ദർശിച്ചു. ചടങ്ങിന് ശേഷം പുതുതായി നിർമ്മിച്ച ബിഎപിഎസ് ഹിന്ദു മന്ദിറും അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദും അദ്ദേഹം സന്ദര്‍ശിച്ചു. തന്റെ പുതിയ ചിത്രമായ വേട്ടയാന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് രജനികാന്ത് അബുദാബിയിലെത്തിയത്. അടുത്തിടെ, അബുദാബിയിൽ യൂസഫലിയോടൊപ്പം റോൾസ് റോയ്‌സിൽ രജനി യാത്ര ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.