ശാലീനത തുളുമ്പുന്ന മുഖവുമായി മോനിഷ മലയാളിയുടെ സൗന്ദര്യസങ്കൽപ്പങ്ങളിൽ ചിരിതൂകി നിൽക്കുന്നു. പ്രണയവും പരിഭവവും കൗതുകവുമെല്ലാം നിറഞ്ഞ വലിയ കണ്ണുകളും നിഷ്കളങ്കമായ ചിരിയും നെറ്റിയിൽ ഒരു മഞ്ഞൾക്കുറിയും ഉള്ള ഒരു പാവാടക്കാരി, അതാണ് മലയാളികളുടെ മനസ്സിൽ ഇന്നും മോനിഷ. ആ നിഷ്കളങ്കയായ പെൺകുട്ടിയെ മരണം തട്ടിയെടുത്തിട്ട് വർഷം 30 ആകാൻ ഒരുങ്ങുമ്പോഴും കണ്മുന്നിൽ മകളെ നഷ്ടപ്പെട്ട മോനിഷയുടെ അമ്മയുടെ നെഞ്ചിൽ ഇന്നും മകൾ ഒരു നീറുന്ന ഓർമ്മ തന്നെയാണ്.
1992 ഡിസംബർ അഞ്ചിന് പുലർച്ചെ ആറോടെയാണ് മലയാള സിനിമയെ നടുക്കിയ മോനിഷയുടെ വിയോഗ വാർത്തയെത്തുന്നത്. ആ മകളെ കുറിച്ചുള്ള അമ്മയുടെ ഓർമ്മകൾ ഇങ്ങനെ ആണ്. മരിക്കുന്നതിന്റെ തലേദിവസം തിരുവനന്തപുരം പങ്കജ് ഹോട്ടലിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. രാത്രി 10 മണി കഴിഞ്ഞപ്പോൾ പതിവില്ലാത്തപോലെ അമ്മയെ നോക്കി മോനിഷ ഒരു കാര്യം പറഞ്ഞു ‘എന്തോ സംഭവിക്കാൻ പോകുന്ന പോലെ’ എന്ന്. അമ്മയ്ക്ക് അത് ഒരു തമാശ മാത്രമായാണ് തോന്നിയത്. അതുകൊണ്ട് തന്നെ മകളെ കളിയാക്കാനും അമ്മ മറന്നില്ല.
മോനിഷയ്ക്ക് ഏറെ ഇഷ്‌ടമുള്ള റഷ്യൻ സാലഡ് ആയിരുന്നു അന്ന് രാത്രി പങ്കജ് ഹോട്ടലിൽ നിന്നും അവൾ കഴിച്ച ഭക്ഷണം. അതിനു ശേഷം അമ്മയോടായി പറഞ്ഞു. ജീവിതം ഒന്നേയുള്ളു, നമുക്ക് ഇഷ്ടമുള്ളതൊക്കെ കഴിക്കുക, കുടിക്കുക. പക്ഷെ ഒരിക്കലും ആരെയും അറിഞ്ഞു കൊണ്ട് നോവിക്കരുത്. അതിനു മറുപടിയായി അമ്മ ‘ഓംങ്കാരപ്പൊരുളേ’ എന്നു വിളിച്ചുകൊണ്ട് മകളെ കളിയാക്കി. അമ്മയെ ഒന്ന് തുറിച്ചുനോക്കികൊണ്ട് അവൾ പറഞ്ഞത് എന്റെ പേര് മോനിഷയെന്നാണ് എന്ന് മാത്രമാണ്.
മോനിഷയെന്നു മകൾക്ക് വെറുതെ പേരിട്ടതല്ല ശ്രീദേവി ഉണ്ണി എന്ന അമ്മയും ബെംഗളൂരുവിൽ ലെതർ കയറ്റുമതി വ്യവസായിയായിരുന്ന അച്ഛൻ, പരേതനായ പി.എൻ ഉണ്ണിയും. കോഴിക്കോട് പന്ന്യങ്കര തട്ടകത്തു ക്ഷേത്രത്തിലെ വനദുർഗയുടെ കടാക്ഷം കൊണ്ടു പിറന്നതാണു മോനിഷ ഇവരുടെ ഈ ഓമന മകൾ. 1971 ജനുവരി 24 ന് മകരത്തിലെ മൂലം നക്ഷത്രത്തിൽ പിറന്ന കുഞ്ഞിന് ദുർഗയെന്ന് ആയിരുന്നു ആദ്യം പേരുവിളിച്ചത്.
ആ പേര് മോനിഷയെന്നു മാറ്റിയതിനു പിന്നിൽ ഒരു രസകരമായ കഥകൂടി ഉണ്ട്. അധികം ആർക്കും അറിയാത്ത ഒരു കഥ. ഫെമിന മാസിക 1970ൽ ഒരു പേരിടൽ മൽസരം പ്രഖ്യാപിച്ചു. ഹെറൾഡ് കാറായിരുന്നു സമ്മാനം ആയി പ്രഖ്യാപിച്ചത്. ഈ സമ്മാനം ലഭിച്ചത് ഒരു ബംഗാളി സ്ത്രീക്ക് ആയിരുന്നു എന്ന് ശ്രീദേവി ഉണ്ണി വായിച്ചറിഞ്ഞു. അവർ അന്ന് മത്സരത്തിൽ വിജയിച്ചത് ‘എന്റെ ആഗ്രഹം‘ എന്ന് അർഥം വരുന്ന മോനിഷ എന്ന പേരിട്ടതിനു ആയിരുന്നു. ആ പേര് മനസ്സിൽ കുറിച്ചിട്ട് മകൾക്കായി സമ്മാനിക്കുകയായിരുന്നു ഈ അമ്മ. അമ്മയുടെ ആഗ്രഹങ്ങൾ പോലെ തന്നെ അമ്മയ്ക്ക് നേടാൻ കഴിയാത്ത പല അംഗീകാരങ്ങളും എന്തിനേറെ ചെറിയ പ്രായത്തില്‍ തന്നെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയ കലാകാരി ആയിരുന്നു മോനിഷ.