കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി പൗരനായി ആൾമാറാട്ടം നടത്താൻ ശ്രമിച്ച അറബ് ഡോക്ടർക്ക് ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. കുവൈത്തി പൗരനെപ്പോലെ ആൾമാറാട്ടം നടത്തുകയും ഇയാളുടെ പാസ്‌പോർട്ട് മോഷ്ടിക്കുകയും ചെയ്ത പ്രതി സ്വദേശിയുമായി സാമ്യം തോന്നിക്കുന്നതിന് മുഖത്തിനും മാറ്റങ്ങള്‍ വരുത്തി.
കുവൈത്ത് എയർപോർട്ടിൽ വെച്ച് ഒരു പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് ഡോക്ടറെ പിടികൂടാന്‍ കാരണമായത്. സംഭാഷണത്തിനിടെ ഡോക്ടറായ സ്ത്രീയുടെ ഉച്ഛാരണത്തിലും ശബ്ദത്തിന്‍റെ ശൈലിയിലും ഉദ്യോഗസ്ഥന് സംശയം തോന്നി. ഡോക്ടറെ പിടികൂടിയതിനെ തുടർന്നാണ് പ്രോസിക്യൂഷനിലേക്ക് കേസ് എത്തിയത്. ഗൈനക്കോളജിസ്റ്റായ ഡോക്ടർ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനായി ഒരു ക്ലിനിക്ക് തുറന്ന് രോഗികളിൽ നിന്ന് വൻ തുക നേടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. താനുമായി സാമ്യമുള്ള ചില രോഗികളുടെ പാസ്‌പോർട്ടുകൾ പ്രതി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.