Kerala

വർക്കലയിൽ കടലിൽ ചാടിയ വിദ്യാർഥിനി മരിച്ചു; ആൺസുഹൃത്തിനായി തിരച്ചിൽ

തിരുവനന്തപുരം∙ വര്‍ക്കല ഇടവ വെറ്റക്കട കടപ്പുറത്ത് സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കടലിൽ ചാടി ആത്മഹത്യ ചെയ്തു. ഇടവ വെൺകുളം ചെമ്പകത്തിൻമൂട് പ്ലാവിള വീട്ടിൽ സാജന്റെയും സിബിയുടെയും മകൾ ശ്രേയ (15) ആണ് മരിച്ചത്. അയിരൂർ എം.ജി.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് മാതാവ്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നാണ് വിവരം. ആണ്‍സുഹൃത്തിനൊപ്പം വെറ്റക്കട ബീച്ചില്‍ എത്തി കടലില്‍ ചാടിയെന്നാണു പറയപ്പെടുന്നത്. സംഭവം ശ്രദ്ധയിൽപെട്ട മത്സ്യത്തൊഴിലാളികൾ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ കാപ്പിൽ പൊഴിമുഖത്താണ് മൃതദേഹം കണ്ടത്.

കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ തുടരുകയാണ്. ശ്രേയയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.