തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് പരിശോധനയ്ക്കായി ആര്‍ടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി. ബസ് പരിശോധനയ്ക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം ജില്ലാ എടിഒ മുഹമ്മദ് ബഷീറിനെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റി.
സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു. മേയറുമായുണ്ടായ തര്‍ക്കം നടന്നതിന്‍റെ പിറ്റേ ദിവസം തന്നെ ബസ് വീണ്ടും സര്‍വീസ് നടത്തിയിരുന്നു. തൃശൂരിലേക്കാണ് സര്‍വീസ് നടത്തിയത്. ഇതിനിടയിലായിരുന്നു ആര്‍ടിഒയുടെ പരിശോധന. സ്പീഡ് ഗവര്‍ണര്‍ കേബിള്‍ മാറ്റിയ നിലയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ബസിന് വേഗപ്പൂട്ട് ഇല്ലെന്ന് കാണിച്ച് ആര്‍ടിഒ റിപ്പോര്‍ട്ടും നല്‍കി.
തുടര്‍ന്ന് വിവാദ ബസ് പരിശോധനകളില്ലാതെ ഓട്ടം പോയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ആര്‍ടിഒ നടത്തിയ പരിശോധനയില്‍ ക്രമക്കേടും കണ്ടെത്തിയതോടെ ഗതാഗത വകുപ്പിന് വലിയ നാണക്കേടുമായി. ഇതോടെയാണ് ബസ് പരിശോധനയ്ക്ക് വിട്ടു കൊടുത്ത ഉദ്യോഗസ്ഥനെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിറക്കിയത്.