ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ താരമാണ് നടി ഉഷ. പിന്നീട് ബാലചന്ദ്രമേനോന്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി ആയിരുന്നു ഉഷയുടെ രംഗപ്രവേശം. നായികയായി കരിയർ ആരംഭിച്ചെങ്കിലും ഉഷ കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് അനിയത്തി വേഷങ്ങളിൽ കൂടി ആയിരുന്നു. മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രങ്ങൾ ആയ കിരീടവും അതിന്റെ രണ്ടാം ഭാഗമായ ചെങ്കോലും ഉഷയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് തന്നെ സമ്മാനിച്ച ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രവും ഉഷയ്ക്ക് കരിയറിലെ വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു. ഇതിനിടയിൽ ആയിരുന്നു കോട്ടയം കുഞ്ഞച്ചന്റെ സംവിധായകനായ സുരേഷ് ബാബുവും ഉഷയും പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുപോയില്ല. പിന്നീട് 2011 ൽ ചെന്നൈയിലെ ബിസിനസുകാരനായ നാസർ അബ്ദുൾ ഖാദറിനെ ഉഷ വിവാഹം ചെയ്തു.
അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്ന ഉഷ അടുത്തിടെ ധ്യാൻ ശ്രീനിവാസൻ നായകനായ ചീന ട്രോഫി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. നടി എന്നതിൽ ഉപരി ഒരു മികച്ച നർത്തകിയും ഗായികയുമാണ് ഉഷ. അടുത്തിടെ ആണ് സോഷ്യൽ മീഡിയയിൽ ഉഷയുടെ ഒരു വീഡിയോ വൈറൽ ആയി മാറിയത്. ബൈക്കിന്റെ പിന്നിൽ ഒരു സാധാരണക്കാരിയെ പോലെ സഞ്ചരിക്കുന്ന ഉഷയുടെ വീഡിയോ ആണ് വൈറൽ ആയത്. ആരാധകരിൽ ആരോ പകർത്തിയ ആ ദൃശ്യങ്ങളിൽ ഉള്ളത് താൻ തന്നെ ആണെന്ന് പറയുകയാണ് ഉഷ ഇപ്പോൾ. അഭിമുഖത്തിലൂടെ ആണ് ഉഷ അതേക്കുറിച്ച് വെളിപ്പെടുത്തുന്നത്.
“ഞാൻ അഭിനയിക്കുന്നത്തിനൊപ്പം ആലപ്പുഴയിൽ ഒരു നൃത്ത വിദ്യാലയം കൂടി നടത്തുന്നുണ്ട് തിമിർപ്പ്. അവിടെ ഇപ്പൊ വെക്കേഷൻ ക്യാമ്പ് നടക്കുന്നുണ്ട്. രാവിലെ തൊട്ട് വൈകുന്നേരം വരെ കുട്ടികളുടെ കൂടെയാണ് ഒപ്പം പൊതു പ്രവർത്തനവും ഉണ്ട്. ഇടതുപക്ഷത്തിന്റെ സജീവ പ്രവർത്തക കൂടിയാണ്. കമ്മിറ്റിയ്ക്ക് വേണ്ടി എൽ സി ഓഫീസിലേക്ക് പോവുകയായിരുന്നു. എംഎൽഎ പങ്കെടുക്കുന്ന കമ്മിറ്റിയായിരുന്നു. ഞങ്ങളുടെ രണ്ട് മേഖലകളുടെയും കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു. ഞാൻ അതിനു പോകാൻ താമസിച്ചുപോയി. ഏഴാം നമ്പർ ബൂത്തിന്റെ പ്രസിഡന്റ് ഫൈസൽ. ഫൈസലിന്റെ സ്കൂട്ടറിൽ കയറിയാണ് ഞാൻ അവിടേക്ക് പോയത്.
ബൂത്ത് ഓഫീസിൽ നിന്ന് താമസിച്ചിട്ട് അവിടെനിന്ന് വിളി വന്നപ്പോഴാണ് ഞങ്ങൾ പെട്ടെന്ന് ഇറങ്ങിയത്. താമസിക്കുകയും ചെയ്തു വരുന്നവഴിക്ക് ലെവൽ ക്രോസ് അടയ്ക്കുകയും ചെയ്തു. ഗേറ്റ് തുറക്കാൻ വേണ്ടി വെയിറ്റ് ചെയ്തിരുന്ന സമയത്ത് ലെഫ്റ്റ് സൈഡിൽ ഒരു കാറിൽ കുറച്ചു പേര് നിൽക്കുന്നു. അതിൽ ഒരാൾ എന്നെ നോക്കി വല്ലാതെ ചിരിക്കുന്നു.
അപ്പോൾ ഞാനും അവരെ നോക്കി കൈ കാണിച്ചു. എന്നെ മനസ്സിലായിട്ടാണ് അവർ ചിരിക്കുന്നത് മനസ്സിലായി. കാറിൽ ഇരിക്കുന്നവർക്കും അയാൾ എന്നെ കാണിച്ചു കൊടുത്തു അവർക്കും ഞാൻ ഹായ് കൊടുത്തു. ആ സമയത്ത് അയാൾ എടുത്ത വീഡിയോ ആണ് വൈറൽ ആയത്” എന്നാണ് ഉഷ പറയുന്നത്.