കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ 60 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി. സിഹാനൂക്‌വില്ലിലെ അധികൃതരുമായി ഏകോപിച്ചാണ് ഓപ്പറേഷൻ നടത്തിയത്. മേയ് 20-ന് ജിൻബെയ്-4 എന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവരെയാണ് തിരികെ നാട്ടിലെത്തിച്ചത്.
വിദേശത്തുള്ള ഇന്ത്യക്കാരെ സഹായിക്കാൻ പ്രതിജ്ഞബദ്ധമാണെന്നും ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായിച്ച കംബോഡിയൻ അധികാരികൾക്ക് നന്ദി അറിയിക്കുന്നതായും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. പ്രതിസന്ധി നേരിടുന്ന, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി ബന്ധപ്പെടാവുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇതിനായി സിഹാനൂക്വില്ലിൽ താത്കാലിക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
ഏകദേശം മൂന്നുറോളം ഇന്ത്യക്കാരാണ് തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങി കിടക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ നടത്താൻ ചൈനക്കാർ നിർബന്ധിക്കുന്നുവെന്ന് ഇന്ത്യൻ പൗരന്മാർ ആരോപിക്കുന്നു. ആകർഷകമായ പാക്കേജുകൾ വാഗ്ദാനം ചെയ്ത് നിരവധി വിദേശ കമ്പനികൾ ഇന്ത്യക്കാരെ നോട്ടമിടുന്നുണ്ടെന്നും തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.