കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ രഹസ്യമൊഴി രേഖപ്പെടുത്തി. കോഴിക്കോട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് മുമ്പാകെയാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം പരാതിക്കാരി മൊഴിനൽകിയത്.
കേസിലെ പ്രധാന പ്രതിയായ രാഹുലിന്റെ അമ്മയും രണ്ടാം പ്രതിയുമായ ഉഷാകുമാരി, സഹോദരിയും മൂന്നാം പ്രതിയുമായ കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്. മുരളീകൃഷ്ണ മേയ് 27-ന് പരിഗണിക്കാനിരിക്കെയാണ് രഹസ്യമൊഴി നൽകിയത്. കേസിന്റെ തുടക്കത്തിൽ പന്തീരാങ്കാവ് പോലീസ് മുമ്പാകെ മൊഴിനൽകിയ യുവതിയുടെ വിശദമൊഴി പിന്നീട് അന്വേഷണം ഏറ്റെടുത്ത ഫറോക്ക് അസി. കമ്മിഷണർ സജു കെ. അബ്രഹാം രേഖപ്പെടുത്തിയിരുന്നു.
കേസിൽ ഒന്നാംപ്രതി പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി രാഹുൽ ജർമനിയിലാണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം തുടരുകയാണ്. അതേസമയം രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്നതിന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്ത പന്തീരാങ്കാവ് പോലീസിലെ സിവിൽ പോലീസ് ഓഫീസർ ശരത് ലാൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.