ഇടുക്കി : സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ബാറുടമകളുടെ സംഘടന നേതാവ് അനിമോന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഓരോ ബാറുടമകളും 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദ്ദേശം. ഇടുക്കിയിലെ സംഘടന വൈസ് പ്രസിഡന്റാണ് അനിമോൻ.
ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്.ഇതുവരെ ഇടുക്കി ജില്ലയിൽ നിന്നും ഒരു ഹോട്ടൽ മാത്രമാണ് രണ്ടര ലക്ഷം തന്നത്. പലരും കൊടുക്കാമെന്നും ഗ്രൂപ്പായി കൊടുത്തിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ടെങ്കിലും ഒരിടത്തും കൊടുത്തിട്ടില്ല. മൂന്നിലൊന്നാണ് കളക്ഷൻ കിട്ടിയിരിക്കുന്നത്. നമ്മൾ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ കഴിയുന്നവർ ഗ്രൂപ്പിൽ അറിയിക്കണം’- അനിമോൻ ശബ്ദ സന്ദേശത്തിൽ പറയുന്നു.
ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോൻ ഒഴിഞ്ഞുമാറി. കൊച്ചിയിൽ ബാർ ഇടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ, പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പ്രതികരിച്ചത്.