കൊച്ചി: യൂടൂബിൽ നിരവധി ആരാധകരുള്ള ആളാണ് ജാസ്മിൻ ജാഫർ. അത്തരത്തിലൊരാൾ ബിഗ് ബോസിൽ എത്തുന്നുവെന്ന് ആളുകൾക്ക് വലിയ പ്രതീക്ഷ തന്നെ ആയിരുന്നു നൽകിയത്. ബിഗ് ബോസിൽ എത്തി ആദ്യമൊക്കെ മികച്ച മത്സരം കാഴ്ചവച്ചെങ്കിലും ഇടയിൽ വച്ച് ജാസ്മിന് അടിപതറി. ഗബ്രിയുമായുണ്ടായ കൂട്ടുക്കെട്ടിൽ വൻരീതിയിലുള്ള വിമർശനങ്ങളും ഉയർന്നു. ഇതിനെല്ലാം ശേഷം ഫാമിലി വീക്കിൽ ജാസ്മിന്റെ ഫാമിലി എത്തുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ജാസ്മിനും കുടുംബത്തിനും നേരെ ഉണ്ടാകുന്നത്. ഇപ്പോഴിതാ സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ജാസ്മിന്റെ പിതാവ് ജാഫർ.
പുനലൂർ പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. ജാസ്മിൻറെ ഫോട്ടോ ഉപയോഗിച്ച് മോശമായ രീതിയിൽ തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യൽ മീഡിയ പേജുകൾക്കെതിരെയാണ് പരാതി. മുൻ ബിഗ് ബോസ് മത്സരാർത്ഥി ദിയ സനയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച് ദിയ സനയുടെ പോസ്റ്റ് ഇങ്ങനെ…
ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്.. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂ ട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിൻറെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്.
മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ.
അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ.