ജി.സി.സി (ഗൾഫ് കോർഡിനേഷൻ കൗൺസിൽ) റെയിൽവേ 2030ഓടെ പൂർത്തിയാക്കാനൊരുങ്ങി കുവൈത്ത്. 2030ഓടെ പദ്ധതിയുടെ കുവൈത്തിലെ ഭാഗം പൂർത്തിയാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (പാർട്ട്) ഡയറക്ടർ ജനറൽ ഖാലിദ് അൽ ഉസൈമിയാണ് പറഞ്ഞത്. പദ്ധതിയുടെ കുവൈത്തിലെ നടത്തിപ്പ് ചുമതല വഹിക്കുന്ന വിഭാഗമാണ് ‘പാർട്ട്’.
കുവൈത്ത് മുതൽ സൗദി വരെയും പിന്നീട് ബഹ്റൈനിലേക്കും ഖത്തറിലേക്കും നീളുന്ന 2,217 കിലോമീറ്റർ നീളമുള്ള റെയിൽപ്പാതയാണ് പദ്ധതിയിടുന്നത്. ജിസിസി റെയിൽവേ സൗദി അറേബ്യയിൽ നിന്ന് അബൂദബി, അൽ ഐൻ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കും വ്യാപിച്ചതായി ജിസിസി സെക്രട്ടേറിയറ്റ് ജനറൽ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. കുവൈത്തിൽ റെയിൽവേയുടെ ആദ്യ ഭാഗം തെക്കൻ കുവൈത്തിലെ അതിർത്തി പട്ടണമായ അൽ നുവൈസീബ് മുതൽ അൽ ഷെദാദിയ വരെ നീളുന്നതാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക.
മേഖലയിലെ പാൻ-ജിസിസി സാമ്പത്തിക സംയോജനവും സുസ്ഥിര വികസനവും വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണ് ജിസിസി റെയിൽവേ. ഗൾഫിന്റെ തന്ത്രപ്രധാനമായ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കുവൈത്ത് വാണിജ്യത്തിന്റെയും ഗതാഗതത്തിന്റെയും ഒരു പ്രാദേശിക കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ്. റെയിൽവേ വരുന്നതോടെ വൻ ചരക്കുനീക്കവും യാത്രക്കാരുമുണ്ടാകുമെന്ന പ്രവചനം തങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.