പൊതുമാപ്പിന് ശേഷം താമസ നിയമ ലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തെ പൊതുമാപ്പ് കാലവധി ജൂൺ 17 ന് അവസാനിക്കുന്നതോടെ താമസ നിയമ ലംഘകർക്കെതിരെ നടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി കുവൈത്ത് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
ആയിരക്കണക്കിന് ആളുകൾക്ക് മാർച്ച് 17 ന് അധികൃതർ പൊതുമാപ്പ് അനുവദിച്ചിരുന്നു. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് രണ്ട് ഓപ്ഷനുകളാണ് കുവൈത്ത് നൽകിയത്. ഒന്നുകിൽ പിഴയടച്ച് അവരുടെ താമസം നിയമവിധേയമാക്കുക അല്ലെങ്കിൽ ഏതെങ്കിലും തരം അനുമതി വാങ്ങാതെ തന്നെ രാജ്യം വിടുക. കാലഹരണപ്പെട്ട പാസ്പോർട്ടുള്ളവർ അതാത് എംബസികളിൽ നിന്ന് പുതിയ പാസ്പോർട്ടുകൾ നേടണം. ശേഷം മന്ത്രാലയ സെർവറുകളിൽ പുതിയ വിവരം നൽകുന്നതിന് ഏതെങ്കിലും റെസിഡൻസി ഡിപ്പാർട്ട്മെന്റ് സന്ദർശിക്കുകയും വേണം. അതേസമയം, പിഴയടക്കാതെ നാടുവിടുന്ന പ്രവാസികൾക്ക് രാജ്യത്തേക്ക് തിരികെയെത്താൻ അവകാശമുണ്ടാകും.
പാസ്പോർട്ടിന് സാധുതയുണ്ടെങ്കിൽ നിയമലംഘകർക്ക് ഏത് എക്സിറ്റിൽ നിന്നും പുറത്തുപോകാമെന്നും അല്ലെങ്കിൽ പിഴയടച്ച് താമസം നിയമവിധേയമാക്കാമെന്നും ആഭ്യന്തര മന്ത്രാലയം റെസിഡൻസി അഫയേഴ്സ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്‌വാനി പറഞ്ഞു. എന്നാൽ പൊതുമാപ്പിന് ശേഷമുള്ള നടപടികൾ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും കർശനമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന പ്രവാസികൾക്കും അവർക്ക് അഭയം നൽകുന്നവർക്കും പിഴ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.