മട്ടന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന തലസ്ഥാനത്തെ അഗ്രഗാമികള്‍ ഇവരാണെന്ന പറയുന്നതില്‍ യാതൊരു തെറ്റുമില്ല. കഴിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാലും നാവില്‍ നിന്നും പോകാത്ത രുചി വൈഭവം അതാണ് ഇവിടുത്തെ മട്ടന്‍ വിഭവങ്ങള്‍. ഒന്നു കഴിച്ചാല്‍ അറിയാതെ പറഞ്ഞു പോകും ആഹാ അന്തസ്. പറഞ്ഞു വരുന്നത് തലസ്ഥാന ജില്ലയിലെ പ്രശസ്തമായ ചില മട്ടന്‍ സ്‌പോട്ടുകളെക്കുറിച്ചാണ്. രുചിയാണ് പാരമ്പര്യം. ആറു പതിറ്റാണ്ടായി മട്ടന്‍ വിഭവങ്ങള്‍ വിളമ്പുന്നവര്‍ ഉള്‍പ്പടെ രുചിപ്പെരുമ പകര്‍ന്നു നല്‍കുന്ന രുചിയിടങ്ങളെ പരിചയപ്പെടാം.
കൊച്ചണ്ണന്‍ സാഹിബിന്റെ കട
1946 ല്‍ ആരംഭിച്ച് 76 വര്‍ഷത്തെ പാരമ്പര്യത്തോടെ തലസ്ഥാന നഗരിയില്‍ മട്ടന്‍ വിഭവങ്ങളുടെ പുത്തന്‍ രുചിക്കൂട്ട് തീര്‍ത്ത കരമന കൊച്ചണ്ണന്‍ സാഹിബിന്റെ കട എന്നും ഒരു അത്ഭുതമാണ്. വാഴയിലയില്‍ വിളമ്പുന്ന മട്ടന്‍ വിഭവങ്ങള്‍ക്ക് പ്രത്യേക രുചിയാണ്. മട്ടനൊപ്പം പെറോട്ട, അപ്പം, ഇടിയപ്പം, ഒറട്ടി, പത്തിരി എന്നിവ രുചി ചോരാതെ വിളമ്പുന്നു. കൈമ അരിയില്‍ നല്‍കുന്ന ബിരിയാണിക്ക് ഇവിടെ പ്രത്യേക ഫാന്‍ ഫോളോവേഴ്‌സ് ഉണ്ട്. മട്ടന്‍ വിഭവങ്ങളുടെ കാര്യം പറയണ്ടല്ലോ, എല്ലാത്തിനും കാണും പാരമ്പര്യം വിളിച്ചോതുന്ന രുചി വൈഭവം. മട്ടന്‍ വിഭവങ്ങളെക്കുറിച്ച് പ്രത്യേകിച്ച് എടുത്തു പറയാനില്ല, മട്ടന്‍ ചാപ്പ്‌സ്, ഫ്രൈ, കറി, ഞെല്ലി, ബ്രൈയിന്‍, ബോട്ടി തോരന്‍ അങ്ങനെ എല്ലാത്തിലും ഒളിഞ്ഞിരിപ്പുണ്ട് ഒരു പാരമ്പര്യം നിറഞ്ഞു നില്‍ക്കുന്ന രുചി.
പണ്ട് ഇവിടെ ഒരു തവി ഉണ്ടായിരുന്നു, മട്ടന്‍ കറിയുണ്ടാക്കിയ ആ തവി മട്ടനൊപ്പം ഫേമസാണ്. വലിയ ചട്ടിയില്‍ കറിയിളക്കിയും അതു മറ്റു പാത്രങ്ങളിലേക്ക് കോരി മാറ്റിയും ഒരു ഭാഗം തേഞ്ഞ് ചുരുങ്ങിയ തവി. പുതിയ തവി വാങ്ങിക്കാന്‍ കാശില്ലാത്തതല്ല, വര്‍ഷങ്ങളായി ഉപയോഗിച്ച ഒരു സാധനം അത് മട്ടന്‍ കറി പെരുമയ്‌ക്കൊപ്പം കടയുടെ ഭാഗമായി മാറിയതാണ്. പീരുമുഹമ്മദ് എന്ന വ്യക്തി ഷീറ്റിട്ട ഒരു കൊച്ചു കടയായി ആരംഭിച്ചത്, പിന്നീട് പ്രതാപകാല രുചി നിലനിര്‍ത്തി തൊട്ടടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറി. എഴു പതിറ്റാണ്ടോളം മട്ടന്റെ രുചിപ്പെരുമ വിളമ്പിയ പീരുമുഹമ്മദിനെ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് കൊച്ചണ്ണന്‍ സാഹിബ്. അതു പിന്നെ കടയുടെ പേരായി മാറി. രാവിലെ 8.30 ന് ആരംഭിക്കുന്ന കട രാത്രി 9 മണിവരെ പ്രവര്‍ത്തിക്കും.
റാജില ഹോട്ടല്‍ വള്ളക്കടവ്
1960ല്‍ ഒരു ചെറിയ കടയായി ആരംഭിച്ച റാജില ഇന്ന് ആറു പതിറ്റാണ്ടുകളായി മട്ടന്‍ വിഭവങ്ങളുടെ രുചി വൈവിദ്ധ്യം ഭക്ഷണ പ്രിയര്‍ക്ക് വിളമ്പി നല്‍കുന്നു. വിറക് അടുപ്പില്‍ വേവിക്കുന്ന മട്ടന്‍ വിഭങ്ങള്‍, ഒട്ടും തനിമ ചോരാതെ നാടന്‍ മസാലക്കൂട്ടില്‍ തയ്യാറാക്കി വിളമ്പുന്ന റാജിലയുടെ രുചി അറിയാന്‍ എത്തുന്നത് നിരവധി പേരാണ്. രാവിലെ എട്ട് മണിക്ക് തുറക്കുന്ന കട വൈകിട്ട് ഒന്‍പതു മണിവരെ പ്രവര്‍ത്തിക്കും. നല്ല ചൂടന്‍ മട്ടന്‍ സൂപ്പ്, മട്ടന്‍ പെരട്ട്, മട്ടന്‍ ഫ്രൈ, മട്ടന്‍ ചോപ്‌സ്, മട്ടന്‍ കറി, മട്ടന്‍ ബ്രെയിന്‍ ഫ്രൈ, മട്ടന്‍ ലിവര്‍ ഫ്രൈ, മട്ടന്‍ ഞെല്ലി, മട്ടന്‍ ബോള്‍സ് അങ്ങനെ ഒരു ആടിന്റെ ഉപയോഗിക്കാന്‍ കൊള്ളാവുന്ന അല്ലെങ്കില്‍ ഭക്ഷ്യയോഗ്യമായ എല്ലാം അവര്‍ ഉപയോഗിക്കും, സര്‍വ്വതും മട്ടന്‍ മയം. ഞായറാഴ്ച്ച മാത്രം മട്ടന്‍ ബിരിയാണി കിട്ടും, പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ ചെമ്പ് കാലിയാകും.
അതിനൊപ്പം കഴിക്കാന്‍ ചൂട് പൊറോട്ട, പത്തിരി, ഒറട്ടി എന്നിവയാണ് നല്‍കുന്നത്. മട്ടന്‍ സൂപ്പിനായി വലിയൊരു ഫാന്‍ ബേസ് തന്നെ റാജിലയില്‍ ഉണ്ട്. അവര്‍ സ്ഥിരവും സൂപ്പിനായി ഇവിടെ എത്താറുണ്ട്. റാജില ഹോട്ടലിനോട് ചേര്‍ന്ന് ഒരു ചെറിയ ആട് ഫാമും ഇവര്‍ നടത്തുന്നുണ്ട്. അവിടെ നിന്നുമാണ് ആട്ടിറച്ചി ഹോട്ടലിലേക്ക് എടുക്കുന്നത്. ആട്ടിറച്ചിയുടെ വില്‍പനയും ഇവിടെ നടക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ വലിയ തിരക്കാണ് റാജിലയില്‍ ഉണ്ടാകുന്നത്. വെള്ളിയാഴ്ച കട അവധിയാണ്.
ബാലരാമപുരം ബിസ്മി
മട്ടന്‍ പെരട്ടും, മട്ടന്‍ ചാപ്പ്‌സും ഉള്‍പ്പടെ രുചികരമായ മട്ടന്‍ വിഭവഭങ്ങള്‍ ലഭിക്കുന്ന ബിസ്മി ബാലരാമപുരത്തുകാരുടെ മാത്രമല്ല മട്ടന്‍ പ്രേമികളുടെ പ്രധാന ഭക്ഷണയിടമാണ്. ബിരിയാണി ചായയും കട്ടനും മട്ടനൊപ്പം വില്‍ക്കുന്ന ബിസ്മിയില്‍ കഴിക്കാന്‍ എത്തുന്നവരുടെ തിരക്ക് കാരണം പലപ്പോഴും സീറ്റ് ലഭിക്കാറില്ല. വാഴയിലില്‍ വിളമ്പുന്ന ചൂട് പെറോട്ടയും മട്ടന്‍ കറികളും വേറെ ലെവല്‍ ടേസ്റ്റാണ്. ചൂടുള്ള കുട്ടി പെറോട്ടയും മസാലയില്‍ വെന്ത് പാകമായ മട്ടന്‍ പെരട്ടും കൂട്ടി ഒരു പിടിപിടിച്ചാന്‍ ആ..ഹാ.. അന്തസ്. ചൂട് പുട്ടും അതു പോലെ ചൂട് ദോശയും മട്ടന്റെ കോമ്പോയായി ഒന്നു രുചിച്ചാല്‍ പിന്നെ ബിസ്മിയെ ഒരിക്കലും നിങ്ങള്‍ മറക്കില്ല. ബിസ്മിയില്‍ നിങ്ങള്‍ കയറിട്ടുള്ളവരാണെങ്കില്‍ ബാലരാമപുരം ജംക്ഷന്‍ വഴി യാത്ര ചെയ്യുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത് ചിലപ്പോള്‍ ബിസ്മിയിലെ മട്ടന്‍ രുചിയായിരിക്കും. ഇവിടെയും റാജില പോലെ ആടിന്റെ ഫാമും പ്രവര്‍ത്തിക്കുന്നുണ്ട്, കാശ് നല്‍കിയാല്‍ ലൈവായി മട്ടന്‍ വെട്ടി വാങ്ങിക്കൊണ്ട് വീട്ടില്‍ പോകാം. ഒറട്ടിയും, പത്തിരിയും പെറോട്ടയ്‌ക്കൊപ്പെം ബിസ്മിയില്‍ നിന്നും വാങ്ങി കഴിക്കാം. 1979 ല്‍ ആരംഭിച്ച ബിസ്മി നാലു പതിറ്റാണ്ടായി മട്ടന്‍ രുചി വിളമ്പുന്ന തിരുവനന്തപുരത്തെ സൂപ്പര്‍ ഹോട്ടലുകളില്‍ ഒന്നാണ്. മട്ടന്‍ വിഭവങ്ങള്‍ക്കൊപ്പം ചിക്കന്‍ ഐറ്റംസും ബിസ്മിയില്‍ ലഭ്യമാണ്. എന്നാലും മട്ടന്‍ അതാണ് എല്ലാപേരുടെയും ഫേവിറൈറ്റ്.
കോച്ച് വെമ്പായം
മണ്‍കലത്തില്‍ തയ്യാറാക്കിയ മട്ടന്‍ സൂപ്പ് അതാണ് ഒറ്റവാക്കില്‍ കോച്ച് റെസ്റ്റോറന്റിനെക്കുറിച്ച് ചോദിച്ചാല്‍ പറയാന്‍ കഴിയുന്നത്. നാടന്‍ മസാലക്കൂട്ടുകള്‍ ചേര്‍ത്ത് രുചിത്തനിമ നഷ്ടമാകാതെ മണ്‍കലത്തില്‍ വേവിച്ചെടുക്കുന്ന സൂപ്പ് കഴിക്കാന്‍ വണ്ടി പിടിച്ചാണ് ആളുകള്‍ കോച്ചിലെക്ക് എത്തുന്നത്. കൊഴിപ്പിനുവേണ്ടി യാതൊന്നും ചേര്‍ക്കാതെ ഉണ്ടാക്കിയെടുക്കുന്ന കോച്ച് സൂപ്പ് മഴക്കാലത്തെ സൂപ്പര്‍ താരമാണ്, വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് നിരവധി പേര്‍. 60 വര്‍ഷത്തെ പാരമ്പര്യമാണ് വെമ്പായത്തിനടുത്തേ കന്യാകുളങ്ങരയില്‍ ഒറ്റ ഷെഡ് കടയില്‍ അരംഭിച്ച കോച്ചിന് പറയാനുള്ളത്. ഈ അറുപതു കൊല്ലവും വിറകടുപ്പ് വിട്ടൊരു കളി കോച്ചിനില്ല, മട്ടന്‍ കറിയുടെ രുചി തന്നെ ഈ വിറകടുപ്പിന്റെതുക്കൂടിയാമെന്നത്.
രാവിലെ ആറു മണിയ്ക്കു തുറക്കുന്ന കട രാത്രി 10 മണിവരെ പ്രവര്‍ത്തിക്കും. എംസി റോഡിനോട് ചേര്‍ന്നിരിക്കുന്നതിനാല്‍ തിരക്കിന്റെ കാര്യം പ്രത്യേകം എടുത്തു പറയാന്‍ കഴിയില്ല, തിരക്കോട്, തിരക്കാണ്. മട്ടന്‍ റോസ്റ്റിനും, കറിക്കും, ബോട്ടി തോരനും, ഫ്രൈയ്ക്കും പുറമെ നാടന്‍ കോഴി പെരട്ടും കറിയും ഫേമസാണ്. ഉച്ചയ്ക്ക് നല്ല മട്ടന്‍, ചിക്കന്‍ ബിരിയാണിയും കോച്ചില്‍ ലഭിക്കും. ആടുകളെ വളര്‍ത്തുന്ന ചെറിയ ഫാമും കടയ്‌ക്കൊപ്പമുണ്ട്, അവിടെ നിന്നും വൈകുന്നേരം വരെ ആട്ടിറച്ചി വാങ്ങാം.
ഇനി ഈ കടയ്ക്ക് കോച്ച് എന്ന പേര് എങ്ങനെ വന്നു, അതൊരു ഐറ്റം കഥയാണ്. ഈ കട സ്ഥാപിച്ച ആളുടെ ഉപ്പാപ്പയുമായി ബന്ധമുള്ള പേരാണ് കോച്ച്. ഉപ്പാപ്പയുടെ കാളവണ്ടി കെഎസ്ആര്‍ടിസിയെ വരെ തോല്‍പ്പിച്ച് പായും. ഇത് കണ്ട നാട്ടുകാര്‍ കാളവണ്ടിക്ക് ഇട്ടുകൊടുത്ത പേരാണ് കോച്ച് എക്‌സ്പ്രസ്. നിലവിലെ കടയുടെ ഭിത്തിയില്‍ ആ ചിത്രം മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ഓള്‍ഡ് സെന്റര്‍ ഹോട്ടല്‍ ആലംകോട്, ആറ്റിങ്ങല്‍
1987-ല്‍ തുടങ്ങിയ ഓള്‍ഡ് സെന്റര്‍ ഹോട്ടല്‍ ആറ്റിങ്ങല്‍ ആലംകോടുകാരുടെ സ്വകാര്യ അഹങ്കാരമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് 36 വര്‍ഷമായി. മട്ടന്‍ വിഭവങ്ങളുടെ രുചി അതു തന്നെയാണ് ട്രേഡ് സീക്രട്ട്. നാട്ടുകാര്‍ ഇതിനെ മട്ടന്‍ കടയെന്നാണ് വിളിക്കുന്നത്, കാരണം വിളമ്പുന്ന ഭക്ഷണത്തിന്റെ സ്വാാണ്. ആ രുചി അറിഞ്ഞ് ഓള്‍ഡ് സെന്റര്‍ ഹോട്ടലില്‍ എത്തിയത് നിരവധി പേരാണ്, അതും വിവിധയിടങ്ങിളില്‍ നിന്നും. രാവിലെ 7.30 ന് ആരംഭിച്ച് രാത്രി 12.30ഓടെ ഷട്ടറിടുന്ന ഓള്‍ഡ് സെന്റര്‍ ഹോട്ടലിലെ മട്ടന്‍ വിഭവങ്ങള്‍ക്ക് വലിയൊരു ആരാധകക്കൂട്ടമുണ്ട്. നല്ല കുരുമുളക് ചേര്‍ത്ത് തയാറാക്കുന്ന സൂപ്പിന് വൈകുന്നേരങ്ങളില്‍ നല്ല തിരക്കാണ്.
എന്‍എച്ചിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഒരു തവണയെങ്കിലും ഇവിടുത്തെ ഭക്ഷണത്തിന്റെ രുചി അറിയാതെ പോയവര്‍ ചുരുക്കമായിരിക്കും. ഈ പേരില്‍ തന്നെ ആലംകോട് മൂന്ന് സെന്റര്‍ ഹോട്ടലുകള്‍ ഉണ്ടെങ്കിലും ഓള്‍ഡ് സെന്റര്‍ ഹോട്ടല്‍ ഇന്നും രുചിയുടെ കാര്യത്തില്‍ ഒന്നാമതാണ്. മട്ടന്‍ ഫ്രൈ, റോസ്റ്റ്, പെരട്ട്, ലിവര്‍ ഫ്രൈ, ഞെല്ലിക്കറി തുടങ്ങിയവയ്‌ക്കൊപ്പം ബിരിയാണിയും ഓള്‍ഡ് സെന്റര്‍ ഹോട്ടലിലെ മെനുവില്‍ ഉള്ളതാണ്. സാധാ പെറോട്ടയ്‌ക്കൊപ്പം നൂല്‍ പെറോട്ടയും, ലൈവ് അപ്പവും, പത്തിരിയും, ഒറട്ടിയും കഴിച്ചതിനുശേഷം പിന്നെ ഒരു സുലൈമാനി അത് മസ്റ്റാണ്. ബിരിയാണി ചെമ്പ് തുറന്നാല്‍ കിലോമീറ്ററുകള്‍ പരക്കുന്ന മണം അത് ഓള്‍ഡ് സെന്റര്‍ ഹോട്ടലിന്റെ പ്രത്യേകതയാണ്. കഴിക്കാം രുചിക്കാം ഇവിടുത്തെ മട്ടന്‍വിഭവങ്ങള്‍ ധൈര്യത്തോടെ.
എസ്.പി.ആര്‍ ബാലരാമപുരം
39 വര്‍ഷമായി രുചിപ്പെരുമയുടെ പുത്തന്‍ അധ്യായം എഴുതിയ ചേര്‍ത്ത ബാലരാമപുരം എസ്.പി.ആര്‍ മട്ടന്‍ വിഭവങ്ങള്‍ക്ക് പ്രശസ്തമാണ്. കാന്താരി മട്ടന്‍ റോസ്റ്റ് അതാണ് എസ്.പി.ആറിന്റെ പ്രത്യേകത, ആ രുചയറിഞ്ഞവര്‍ വീണ്ടും വരും ഇവിടേക്ക്. 1984ല്‍ തന്റെ അച്ഛന്റെ പേരായ എസ്.പി. രാമചന്ദ്രന്‍ എന്നത് ചുരുക്കി എസ്.പി.ആര്‍ എന്നാക്കി അദ്ദേഹത്തിന്റെ മകന്‍ രാജാറാമാണ് ഈ കട ആരംഭിച്ചത്. ബാലരാമപുരത്തെ ബിസ്മിക്കൊപ്പം മട്ടന്‍ വിഭവങ്ങള്‍ വിളമ്പി പുതിയൊരു രുചിക്കൂട്ട് തീര്‍ക്കാന്‍ എസ്.പി.ആറിന് സാധിച്ചിട്ടുണ്ട്. മട്ടന്റെ എല്ലാ വിഭാഗങ്ങള്‍ ലഭിക്കുമെങ്കിലും കാന്താരി ചിക്കന്‍ ഒരു ഒന്നന്നര ഐറ്റമാണ്. മട്ടന്‍ വിഭവങ്ങള്‍ക് പുറമെ ചിക്കന്‍, ബിരിയാണി, ഊണ്, ചായ എന്നിവയും എസ്.പി.ആറിന്റെ പ്രത്യേകതകളാണ്. മട്ടന്‍ റോസ്റ്റ്, ഫ്രൈ, കരള്‍ ഫ്രൈ എന്നിവയാണ് ഏറ്റവും കൂടുതല്‍ പോകുന്ന വിഭവങ്ങള്‍. രാവിലെ എട്ട് മണിമുതല്‍ രാത്രി 11 മണി വരെ തുറന്നിരിക്കുന്ന എസ്.പി.ആര്‍ ഒരേ സമയം നാല്‍പത് പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കും.
പാരമ്പര്യ തനിമയോടെ തലസ്ഥാനത്ത് മട്ടന്റെ രുചിപ്പെരുമ വിളമ്പുന്ന ഈ ഹോട്ടലുകള്‍ എന്നും ഭക്ഷണ പ്രിയരുടെ ഫേവിറേറ്റാണ്. മട്ടന്‍ വിഭവങ്ങള്‍ ലഭിക്കുന്ന മറ്റു ഹോട്ടലുകള്‍ തിരുവനന്തപുരത്ത് ഉണ്ടാകാം. അതിനെയൊക്കെ ഇനി ഒരവസരത്തില്‍ പരിചയപ്പെടുത്താം.