Crime

ആൺ കുഞ്ഞാണോയെന്നറിയാൻ ഭാര്യയുടെ വയർ കീറി മുറിച്ച് യുവാവ്

ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല; യുവാവിന് ജീവപര്യന്തം ശിക്ഷ

ഗര്‍ഭിണിയായ ഭാര്യയ്ക്ക് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ ജനിക്കുന്നതെന്ന് അറിയാന്‍ അരിവാളുകൊണ്ട് ഭാര്യയുടെ വയറ് കീറി മുറിച്ച യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് ക്രൂര കൃത്യം നടന്നത്. ബദൗണിലെ സിവില്‍ ലൈന്‍ സ്വദേശിയായ പന്നാ ലാല്‍ 2020 സെപ്റ്റംബറിൽ ഭാര്യ അനിതയെ ക്രൂരകൃത്യത്തിന് വിധേയയാക്കുകയായിരുന്നു. 22 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് തവണയും പെണ്‍മക്കളായിരുന്നു ജനിച്ചത്. ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന് പന്നാ ലാല്‍ നിരന്തരം ഭാര്യ അനിതയെ ഉപദ്രവിച്ചിരുന്നതായും നാട്ടുകാർ. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം അനിതയുടെ കുടുംബത്തിനും അറിയുന്നതായിരുന്നു. വഴക്ക് അവസാനിപ്പിക്കാന്‍ കുടുംബങ്ങൾ ശ്രമിച്ചെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ പന്നാ ലാൽ കൂട്ടാക്കിയിരുന്നില്ല. അനിതയെ വിവാഹമോചനം ചെയ്യുമെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒരു മകനെ ജനിപ്പിക്കുമെന്നും പന്നാ ലാല്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവ ദിവസം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ ചൊല്ലി ഇരുവർക്കിടയിലും വാക്ക് തർക്കമുണ്ടായിരുന്നു.വഴക്കിനിടയിൽ രോക്ഷാകുലനായ് പന്ന ലാല്‍ അനിത ഗര്‍ഭം ധരിച്ചിരിക്കുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പരിശോധിക്കാന്‍ അവളുടെ വയറു മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി. അനിത എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് നടന്ന തര്‍ക്കത്തിനൊടുവില്‍ അനിതയെ ക്രൂരമായി മര്‍ദിച്ച ശേഷം അരിവാള്‍ കൊണ്ട് വയര്‍ മുറിക്കുകയായിരുന്നു. അനിത 8 മാസം ഗർഭിണിയായിരിക്കെയാണ് ആക്രമണം നടന്നത്. വയര്‍ കീറിയ നിലയില്‍ അനിത തെരുവിലേക്ക് ഓടുകയും നിലവിളി കേട്ട് അടുത്തുള്ള കടയില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍ ഓടിയെത്തി അനിതയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സഹോദരന്‍ എത്തിയതോടെ പന്ന ലാല്‍ ഓടി രക്ഷപ്പെട്ടിരുന്നു.

അനിതയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിക്കാനായില്ല. സ്വത്ത് തര്‍ക്കത്തിലായതിനാല്‍ തനിക്കെതിരെ കള്ളക്കേസെടുക്കാന്‍ അനിത സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പന്ന ലാല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, അനിതയ്ക്ക് കുടല്‍ പുറത്തുവരും തക്കവിധം ആഴത്തിലുള്ള മുറിവുണ്ടായതടക്കമുള്ള തെളിവുകള്‍ കണക്കിലെടുത്ത് പന്ന ലാലിൻ്റെ വാദം കോടതി തള്ളി. ഇതോടെ പന്നാ ലാലിന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.