ജന്തുലോകത്തിൽ സാധാരണമായി കാണുന്ന ഒന്നാണ് പഞ്ചാത്തലത്തിലെ രൂപവും മറ്റും അനുകരിച്ച് അതുമായി ഇഴുകിച്ചേരുന്നത്. ഇത് ശത്രുക്കളിൽ നിന്ന് സുരക്ഷയും മറവും നൽകും. ഇത്തരത്തിലൊരു കൺകെട്ടിന്റെ കൗതുകകരമായ ഉദാഹരണം ക്രാബ് ചിലന്തികളിൽ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ ചിലന്തികളിൽ ആൺചിലന്തികളും പെൺചിലന്തികളും ചേർന്ന് ഒരു പൂക്കൾ കൂട്ടമായി വിരിഞ്ഞിനിൽക്കുന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്നതാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സിഷ്വങ്ബന്ന ദേശീയോദ്യാനത്തിലാണ് ഈ കാഴ്ച.
ക്രാബ് ചിലന്തികൾ പണ്ടേ വേഷംമാറൽ വിദഗ്ധരാണ്. തങ്ങളിരിക്കുന്ന ഭാഗത്തെ പുഷ്പങ്ങളുടെ രീതിയിൽ വിന്യസിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.നേരത്തെ ഇത്തരം സംഭവങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. പൊതുവെ തങ്ങളുടെ വേട്ടക്കാരിൽ നിന്നു രക്ഷപ്പെടാനും ഇരകളെ പിടിക്കാനുമായി, മറഞ്ഞിരിക്കുന്നതിനാണ് ഇവ ഇതു ചെയ്യുന്നത്. എന്നാൽ ആൺ ചിലന്തികൾ ഉൾപ്പെട്ട സ്ഥിതിക്ക് ഇത് ഇണചേരുന്നതിനായാണ് നടത്തിയതെന്ന് ഗവേഷകർ കരുതുന്നു.
2020ൽ ചൈനയിൽ സവാരി നടത്തിയ ഒരുകൂട്ടം ആനകളിലൂടെ ലോകപ്രശസ്തി നേടിയ വന്യജീവി സങ്കേതമാണ് സിഷ്വങ്ബന്ന. ഇവിടെ പുൽമേടുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടെന്നും അതിന്റെ സൂചനയാണ് ആനകളുടെ ഈ യാത്രയെന്നും അന്നു പറയപ്പെട്ടിരുന്നു. സിഷ്വങ്ബന്നയിൽ നിന്ന് തൊട്ടടുത്തുള്ള പ്രദേശമാണ് പ്യൂയർ. കോവിഡിന്റെ ഉത്ഭവമേഖലയെന്ന രീതിയിൽ അഭ്യൂഹങ്ങളുള്ള മോജിയാങ്ങും ഇതിനു സമീപത്താണ്.