മലബാറിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്തവരായി ആരുണ്ട്? കണ്ണൂരിലെ വളപട്ടണം പുഴയുടെ തീരത്ത് കുടികൊള്ളുന്ന പറശ്ശിനിക്കടവ് മുത്തപ്പനെ കാണാൻ ജാതിമതലിംഗ ഭേദമെന്യേ എല്ലാവരും തേടിയെത്തുന്നു. വിശ്വാസികൾക്ക് അവരുടെ സർവ്വ ആഗ്രഹങ്ങളും സാധിച്ചു നൽകുന്ന തിരുസന്നിധിയാണ് ഇവിടം. ദ്രാവിഡ രീതിയിലുള്ള പൂജാ രീതികളാണ് ഇവിടെ പിന്തുടരുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഭൈരവ മൂർത്തിയായും ശൈവ- വൈഷ്ണ സങ്കല്പമായും പരബ്രഹ്മ സ്വരൂപനായും മുത്തപ്പനെ ഇവിടെ വിശ്വാസികൾ ആരാധിച്ചു പോരുന്നു.
ഭൈരവ മൂർത്തിയുടെ വാഹനം നായയാണ്. പറശ്ശിനിക്കടവിൽ വിഹരിക്കുന്ന നായകളെ അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ വാഹനമായാണ് കാണുന്നത്.
മുത്തപ്പനും നായകളും
മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കും. ഈ ക്ഷേത്രത്തിൽ നായയെ പാവനമായാണ് കരുതുന്നത്. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു. ക്ഷേത്രത്തിൽ പ്രസാദം തയ്യാറാകുമ്പോൾ ആദ്യം എപ്പോഴും നൽകുക ക്ഷേത്രത്തിനുള്ളിൽ ഉള്ള ഒരു പട്ടിക്കാണ്.
മുത്തപ്പനു മുൻപിൽ നായ്ക്കളുടെ പ്രാധാന്യത്തെ കുറിച്ച്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഇതിൽ ഒരു കഥ ഇങ്ങനെയാണ്….
ഏതാനും വർഷങ്ങൾക്കു മുൻപ് ക്ഷേത്ര അധികാരികൾ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാൻ തീരുമാനിച്ചു. അവർ കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതൽ മുത്തപ്പൻ തെയ്യം അവതരിപ്പിക്കുന്ന ആൾക്ക് തെയ്യം ആടുവാൻ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി തെയ്യം ആടുന്ന ആളുടെ ശരീരത്തിൽ പ്രവേശിച്ചാണ് തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നതു വരെ തെയ്യം തുള്ളുന്ന ആൾ മുത്തപ്പൻ ആയി മാറുന്നു എന്നാണ് വിശ്വാസം).
നായ്ക്കളെ ക്ഷേത്രത്തിൽ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പൻ തെയ്യം തുള്ളുന്ന ആളുടെ ശരീരത്തിൽ പ്രവേശിക്കാത്തത് എന്ന് മനസ്സിലാക്കിയ ക്ഷേത്രാധികാരികൾ നായ്ക്കളെ ക്ഷേത്രത്തിൽ തിരിച്ചുകൊണ്ടുവന്നു. അന്നുമുതൽ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ് കഥ.
എല്ലാദിവസവും തെയ്യക്കോലം അനുഷ്ഠിക്കുന്ന ഇടമാണ് ഈ ക്ഷേത്രം. ശൈവ-വൈഷ്ണവ ഭാവങ്ങളെയുള്ള രണ്ട് തെയ്യ രൂപങ്ങള്‍ മുത്തപ്പനെ പ്രതിനിധാനം ചെയ്യുന്നു, ചന്ദ്രക്കല കിരീടം വച്ച പരമശിവനെയും, മത്സ്യരൂപ കിരീടം വച്ച മഹാവിഷ്ണുവിനേയും.ഈ രണ്ട് തെയ്യങ്ങളെയും വെള്ളാട്ടവും തിരുവപ്പനയും എന്നാണ് പറയുന്നത്.
മുത്തപ്പൻ ഇവിടെ നിവേദിക്കുന്നത് കള്ളും ചുട്ട മീനും ആണ്. അതിനുള്ള കാരണം ദ്രാവിഡ പൂജ വിധികൾ പിന്തുടരുന്നു എന്നതാണ്. മൂന്ന് നേരമാണ് ഇവിടെ അന്നദാനം. അതും ഒരു ദിവസം പോലും മുടക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കട്ടൻചായയും പുഴുങ്ങിയ പയറും ഉച്ചയ്ക്കും രാത്രിയിലും ചോറും ആണ് അന്നദാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്‍ സന്നിധിയിലെ പ്രധാന വഴിപാടുകള്‍. എല്ലാ ദിവസവും പുലര്‍ച്ചയ്ക്ക് തിരുവപ്പനയും വെളളാട്ടവും, വൈകുന്നേരം ഊട്ടും വെളളാട്ടവും നടത്തുന്നു.
മടപ്പുരയിലാണ് മുത്തപ്പനുമായി ബന്ധപ്പെട്ട ആചാരങ്ങൾ നടത്തുന്നത്. ഇതിനോട് ചേർന്ന് നിൽക്കുന്ന ഇടമാണ് മുത്തപ്പന്റെ കലശ സ്ഥാനമായ കഴകപ്പുര. ഇവിടെ ഭഗവതിയും ധർമ്മ ദൈവങ്ങളും കുടി വീരനും കൂടിയിരിക്കുന്നു. ക്ഷേത്രം പോലെ തന്നെയാണ് കഴകപ്പുരയുടെ പരിപാലന രീതികളും. കഴകപ്പുരയില്‍ ദിവസവും മുത്തപ്പന്‍ എഴുന്നളളി തന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ആചാരമുണ്ട്. കൂടാതെ ദിവസവും ഇവിടെ ഗ്രന്ഥ പരായാണവും നടത്തിവരുന്നു.
പറശ്ശിനിക്കടവിൽ നിന്ന് വടക്കോട്ട് മാറി മറ്റൊരു ദേവസ്ഥാനം കാണാം. തൊണ്ടച്ചന്‍ എന്ന വയനാട്ട് കുലവന്‍ ദൈവത്തെയും വിഷ്ണുമൂർത്തിയെയും ആണ് ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. കൂടാതെ ഇവിടെ തന്നെ പൊട്ടന്‍ ദൈവത്തിന് പ്രത്യേക സങ്കല്‍പ് സ്ഥാനമുണ്ട്. സമീപത്തെ ഇരട്ട പളളിയറയില്‍ ചോന്നമ്മ, പുലിയൂര്‍ കണ്ണന്‍, കാരന്‍ ദൈവം, ധര്‍മ്മദൈവം, തായിപ്പര ദേവത, തെക്കന്‍ കരിയാത്തന്‍, കൈക്കോളന്‍ എന്നീ ദൈവങ്ങള്‍ക്കും സ്ഥാനമുണ്ട്.
പറശ്ശിനിക്കടവ് മുത്തപ്പന്റെ ഐതിഹ്യം
ശിവ ഭക്തയായ പാടിക്കുറ്റി അമ്മയ്ക്കും ഭർത്താവായ നമ്പൂതിരിക്കും മക്കൾ ഇല്ലായിരുന്നു. മക്കളില്ലാതെ വിഷമിച്ച അവർക്ക് മഹാദേവന്റെ അനുഗ്രഹത്താൽ ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടത്. കണ്ണൂര്‍ പയ്യാവൂരിലെ ഏരുവേശ്ശി ഗ്രാമത്തിലുള്ള വയത്തൂര്‍ കാലിയാരും പാടിക്കുറ്റി ഭഗവതിയുമാണ് മുത്തപ്പന്റെ മാതാപിതാക്കൾ എന്നാണ് ഐതിഹ്യം. വയത്തൂര്‍ കാലിയാരും പാടിക്കുറ്റി ഭഗവതിയും കിരാതമൂര്‍ത്തികളാണ്.
മുത്തപ്പനുമായി ബന്ധപ്പെട്ട ഐതീഹ്യം ഇങ്ങനെ
ഏരുവേശ്ശിയിലെ ഒരു ബ്രാഹ്‌മണ ഗൃഹമാണ് അയ്യങ്കര ഇല്ലത്തെ നമ്പൂതിരിയായിരുന്നു അന്നത്തെ ആ പ്രദേശത്തിന്റെ നാടുവാഴി. അദ്ദേഹത്തിന്റെ ഭാര്യയാണ് പാര്‍വ്വതിക്കുട്ടി, ഇവരെ പാടിക്കുറ്റിയമ്മ എന്നാണ് വിളിച്ചു വന്നിരുന്നത്. മക്കൾ ഇല്ലാതിരുന്ന ഇവർ പ്രാർത്ഥനയും വഴിപാടുകളും ആയി കടന്നുപോയി. ഇല്ലം വകയായുള്ളത് വിഷ്ണുക്ഷേത്രത്തിലും പാടിക്കുറ്റിയമ്മ ദിവസവും കുളിച്ച് തൊഴുത് ഭജിച്ചു.
പാടിക്കുറ്റി അമ്മയുടെ വഴിപാടുകളിലും വ്രതങ്ങളിലും മഹാവിഷ്ണുവും പരമശിവനും ഒടുവിൽ പ്രസന്നരായി. ഈ സമയത്ത് തന്നെയായിരുന്നു പാര്‍വ്വതിപരമേശ്വരന്മാര്‍ കാട്ടാളന്റെ വേഷം കെട്ടി വനവാസത്തില്‍ തപസ്സിലായിരുന്ന അര്‍ജ്ജുനനെ പരീക്ഷിക്കുവാന്‍ പുറപ്പെട്ടത്. വനത്തിലുടനീളം ആടിയും പാടിയും കളിച്ചുകൊണ്ട് അര്‍ജ്ജുനന്‍ തപസ് ചെയ്യുന്ന സ്ഥലത്തേക്ക് നീങ്ങുന്ന പാര്‍വ്വതിപരമേശ്വരന്മാരുടെ ലീലകള്‍ കാണുവാന്‍ മഹാവിഷ്ണുവും ബ്രഹ്‌മാവുമടക്കമുളള ദേവന്‍മാരും ദേവിമാരും അവിടെ എത്തി.
ഈ സമയത്ത് പാടിക്കുറ്റിയമ്മയുടെ പ്രാര്‍ത്ഥനക്ക് അനുഗ്രഹം നല്‍കാന്‍ മഹാവിഷ്ണു, പാര്‍വ്വതീപരമേശ്വരന്മാരുടെ മകനായി അവതരിച്ചു. അപ്രകാരമുണ്ടായ കുഞ്ഞിനെ തിരുവങ്കടവില്‍ അവര്‍ ഉപേക്ഷിച്ചു. ഏരുവേശ്ശിയിലെ കുന്നിന്റെ താഴത്തുകൂടെ തിരുവങ്കടവ് എന്ന ഭാഗത്തൂടെയാണ് ഏരുവേശ്ശിപ്പുഴ ഒഴുക്കുന്നത്. ഈ പുഴകടവിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ കിടത്തിയ കല്ല്, തിരുനെറ്റിക്കല്ല് എന്ന് പിന്നീട് അറിയപ്പെട്ടു.
തിരുവങ്കടവിൽ നീരാട്ടിന് എത്തിയ പാടിക്കുറ്റിയമ്മയെ കാത്തു അവിടെ ആ ചോര കുഞ്ഞ് ഉണ്ടായിരുന്നു. ആ കുഞ്ഞിനെ കണ്ട മാത്രയിൽ അത് താൻ പ്രസവിച്ച കുഞ്ഞാണെന്നായിരുന്നു പാടിക്കുറ്റിയമ്മയ്ക്ക് തോന്നിയത്. അത്ഭുതമെന്നു പറയട്ടെ പ്രസവിച്ചില്ലെങ്കിലും പാടിക്കുറ്റിയമ്മയുടെ മാറിടം പാല്‍ ചുരത്തി. അവര്‍ കുഞ്ഞിന് പാലൂട്ടുകയും കുഞ്ഞിനെ ഇല്ലത്ത് കൊണ്ടുപോയി മ്പൂതിരിയുടെ അനുവാദത്തോടെ സ്വന്തം മകനെപ്പോലെ നോക്കാനും തുടങ്ങി. അങ്ങനെ അയ്യങ്കാര്‍ ഇല്ലത്ത് ഉണ്ണി നമ്പൂതിരിയായി മുത്തപ്പന്‍ വളര്‍ന്നു. ബാല്യം മുതല്‍ക്ക് തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്.
ബാല്യകാലത്തെ മുത്തപ്പന്റെ രീതികൾ ഇല്ലത്തിന് പേരുദോഷം കേൾപ്പിക്കുന്നതായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഭക്ഷണം കഴിക്കുന്നതും വില്ലെടുത്ത് വേട്ടയ്ക്ക് പോകുന്നതും മുത്തപ്പന്റെ രീതിയായിരുന്നു. സാധാരണക്കാരോടൊപ്പം അയിത്തം എന്ന അനാചാരത്തെ മറികടന്ന് മുത്തപ്പൻ പെരുമാറി. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികളും കഴിച്ചും കള്ളു കുടിച്ചും മുത്തപ്പൻ വളർന്നു. മുത്തപ്പന്റെ ബാല്യകാല രൂപമാണ് നാടുവാഴീശന്‍ ദൈവം.
നമ്പൂതിരി ആചാരങ്ങൾക്ക് എതിരായ മുത്തപ്പന്റെ പ്രവർത്തികൾ മാതാപിതാക്കളിൽ അസ്വസ്ഥത ഉളവാക്കി. ഇത്തരം പ്രവർത്തികൾ എല്ലാം നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പുത്ര സ്നേഹത്തിനു മുന്നിൽ പാടിക്കുറ്റിയമ്മയ്ക്ക് എല്ലാം ക്ഷമിക്കേണ്ടിവന്നു . ക്ഷമിച്ച് ക്ഷമിച്ച് ഒടുവിൽ വീടുവിട്ടിറങ്ങാൻ മുത്തപ്പനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മുത്തപ്പന്‍ അമ്പും വില്ലുമെടുത്ത് കാലഭൈരവന്റെ രൂപത്തില്‍ തന്റെ തീക്കണ്ണുകളോടെയുള്ള ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവരോട് അവതാര ഉദ്ദേശ്യവും വെളിപ്പെടുത്തി.
മുത്തപ്പന്‍ ഇശ്വരാവതാരമാണെന്ന് മനസ്സിലായ മാതാപിതാക്കള്‍ അവന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു. അവിടെ നിന്ന് പുറപ്പെടാന്‍ തീരുമാനിച്ചു ഉറച്ച മുത്തപ്പനോട്, പാടിക്കുറ്റിയമ്മ, ആ കണ്ണുകളില്‍ നിന്ന് ഉള്ള അഗ്‌നി കണ്ടു ഭയമാണെന്നും ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണമെന്നും ആവശ്യപ്പെട്ടു. അവിടെ നിന്ന് മലനാട്ടിലേക്കാണ് മുത്തപ്പന്‍ പോയത്. മൊഴുക്കുവെല്ലി കോട്ടയില്‍ നിന്ന് നാലു പാടും നോക്കിയപ്പോള്‍ കുന്നത്തൂര്‍ പാടി കണ്ട് കൊതിച്ചു. അതിനു ശേഷം മുത്തപ്പന്‍ അവിടേക്ക് എത്തി.
കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യവും അവിടുത്തെ പനം കള്ളും മുത്തപ്പനെ ആകർഷിച്ചു. അവിടുത്തെ പനകളിലെ കള്ള് എല്ലാം മുത്തപ്പൻ അകത്താക്കി. പനമരങ്ങളിലെ കള്ളും മോഷണം പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ അവിടുത്തെ ചെത്തുകാരൻ അവിടെ കാവൽ കിടക്കാൻ ആരംഭിച്ചു. ഒരിക്കല്‍ ഒരു വൃദ്ധന്‍ പനയില്‍ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി കണ്ട ചെത്തുകാരന്‍ തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ നേരെ തൊടുക്കുവാന്‍ ശ്രമിച്ചു.
എന്നാൽ ചെത്തുകാരന് അമ്പ് തൊടുക്കുവാൻ കഴിഞ്ഞില്ല. അതിനു മുന്നേ അയാൾ ബോധരഹിതനായി വീണിരുന്നു. ഭർത്താവിനെ തിരക്കി വന്ന ചെത്തുകാരന്റെ ഭാര്യ കാണുന്നത് ഈ കാഴ്ചയാണ്. നിലവിളിച്ചുകൊണ്ട് മുകളിലേക്കു നോക്കിയ അവര്‍ മരത്തിന് മുകളില്‍ ഒരു ദിവ്യത്വം തുളുമ്പുന്ന വൃദ്ധനെ കണ്ടു. ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു കരഞ്ഞു. പിന്നാലെ ചെത്തുകാരന് ബോധം തിരിച്ചുവന്നു. അവര്‍ മുത്തപ്പനെ ദൈവമായി കണ്ടു. പുഴുങ്ങിയ പയറും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അര്‍പ്പിച്ചു.
ഇവരില്‍ പ്രീതനായ മുത്തപ്പന് കുന്നത്തൂർ അന്നുമുതൽ സ്വന്തം ഭവനമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് മുത്തപ്പൻ എന്ന പേര് ലഭിക്കുന്നതും. കുന്നത്തൂരില്‍ ഏതാനം വര്‍ഷങ്ങള്‍ താമസിച്ചതിന് ശേഷം മുത്തപ്പന്‍ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി കൂടുതല്‍ അനുയോജ്യമായ ഇടത്തിലേക്ക് യാത്രകാന്‍ തീരുമാനിച്ചു. കുന്നത്തൂര്‍ പാടിയില്‍ നിന്ന് ആകാശത്തേക്ക് മുത്തപ്പന്‍ ഒരു അമ്പ് തൊടുത്തുവിട്ടു. അത് പുഴക്കരയിലെ പറച്ചിങ്ങ എന്ന മുള്‍ച്ചെടി വളരുന്ന ഒരിടത്താണ് പതിച്ചത്.
അവിടെ രാത്രി മീന്‍ പിടിച്ചുകൊണ്ടിരിക്കുന്ന ഒരു വണ്ണാന്‍ ഒരു മരത്തില്‍ തറച്ചിരിക്കുന്ന ഈ അമ്പും അതില്‍ അപാരമായ ദിവ്യ പ്രകാശവും കണ്ടപ്പോള്‍ ആ സ്ഥലത്തെ നാടുവാഴിയെ അവിടേക്കു കൂട്ടികൊണ്ടുവന്നു. പ്രശ്‌നവിധികള്‍ ചെയ്തപ്പോള്‍ അത് മുത്തപ്പന്‍ ആണെന്നും ക്ഷേത്രം കെട്ടി ആരാധിക്കണമെന്നും പറഞ്ഞു. ക്ഷേത്രം ഉയര്‍ന്ന് വന്നതോടെ പറച്ചിങ്ങ വളര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ അതിന് പറശ്ശിനിക്കടവ് എന്ന പേര് വന്നു.
മുത്തപ്പന്‍ എയ്ത അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിനുശേഷം മുത്തപ്പന്‍ പറശ്ശിനിക്കടവില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. ഇന്നും ക്ഷേത്രത്തില്‍ എത്തുന്ന വിശ്വാസികള്‍ മുത്തപ്പന്റെ അനുഗ്രഹത്തിനായി പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അര്‍പ്പിക്കുന്നു.
പറശ്ശിനിക്കടവ് മടപ്പുരയിലെ പധാന പ്രസാദം ഭസ്മം ആണ്. ഇവിടെ വരുന്നവരെയെല്ലാം മുത്തപ്പന് അതിഥികളാണ് . അതുക്കൊണ്ട് തന്നെ ഇവിടുത്തെ തിന്നുവാനും കുടിക്കുവാനും ഉളള പ്രസാദവും ഭക്തര്‍ സ്വീകരിച്ചാലെ മുത്തപ്പനും തൃപ്തിയാവുകയുള്ളൂ. ഇലയില്‍ പയറും അതിനുമുകളില്‍ ചന്ദ്രക്കല പോലെ ഉള്ള തേങ്ങ കഷണവും ചായയും ഇടതടവില്ലാതെ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ രണ്ടുനേരവും പ്രസാദച്ചോറും ഇവിടെ ലഭിക്കും.
എങ്ങനെ എത്തിച്ചേരാം?
കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മശാലയില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 20 കി.മീ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് ബസ് സര്‍വ്വീസുണ്ട്. അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷന്‍ കണ്ണൂര്‍ സ്റ്റേഷന്‍ (10 കി.മീ) ആണ്. പാപ്പിനിശ്ശേരി സ്റ്റേഷനിലേക്ക് 5 കി.മീ ദൂരമെയുള്ളൂ. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 35 കി.മീ അകലെയാണ്.