ദുബൈ ശൈഖ് റാശിദ് സ്ട്രീറ്റിലെ തെരുവ് വിളക്കുകൾ പരിഷ്‌കരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി. ഒൻപത് കിലോമീറ്റർനീളത്തിൽ ഊർജ ഉപയോഗം കുറഞ്ഞ 900 തെരുവ് വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഊർജ ഉപഭോഗം കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
10 ലൈനുകളിലായി ഇരു ഭാഗത്തുകൂടിയും സഞ്ചരിക്കുന്ന യാത്രക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആറു മാസമെടുത്ത് മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കിയത്. ആദ്യ ഘട്ടത്തിൽ ദേര മുതൽ അൽ ഗർഹൂദ് പാലം വരെയുള്ള ഭാഗവും രണ്ടാം ഘട്ടത്തിൽ ദേരമുതൽ ബർദുബൈ വരെയും അവസാനത്തിൽ ബർദുബൈ മുതൽ ശൈഖ് ഖലീഫ സ്ട്രീറ്റ് കവല വരെയുമാണ് പദ്ധതി നടപ്പാക്കിയത്.
ദുബൈയിലെയും യു.എ.ഇയിലെയും പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഏറ്റവും മികച്ച രീതികൾ സ്വീകരിച്ചാണ് തെരുവ്‌വിളക്കുകളുടെ പരിഷ്‌കരണം നടപ്പാക്കിയതെന്ന് ആർ.ടി.എ റോഡുകളുടെയും സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണി ചുമതലയുള്ള ഡയറക്ടർ അബ്ദുല്ല ലൂത പറഞ്ഞു. പരമ്പരാഗത രീതികളേക്കാൾ പരിസ്ഥിതി സൗഹൃദമാണ് എൽ.ഇ.ഡി തെരുവിളക്കുകൾ. ഇതിന് 60ശതമാനം കുറവ് ഊർജം മാത്രമാണ് ആവശ്യമുള്ളത്. പരമ്പരാഗത വിളക്കുകൾ 22,000മണിക്കൂർ നിലനിൽക്കുമ്പോൾ എൽ.ഇ.ഡി 60,000മണിക്കൂർ നിലനിൽക്കുമെന്നാണ് വിലയിരുത്തൽ.