കൊച്ചി: അവയവക്കച്ചവടത്തിനായി ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ എടത്തല സ്വദേശി സജിത്ത് ശ്യാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടക്കും.
കേസിലെ മുഖ്യപ്രതി സാബിത്ത് നാസറുമായി സജിത്ത് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സാബിത്തിന്റെ ഫോൺ പരിശോധിച്ചതിലൂടെയാണ് സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ലഭിച്ചത്. അവയവ കച്ചവടത്തിന് മുഖ്യപ്രതിയെ സഹായിച്ച സംഘത്തിലെ മറ്റുള്ളവർക്കായുള്ള അന്വേഷണവും ഊർജ്ജതമാക്കിയിട്ടുണ്ട്.
കേസിലെ മുഖ്യ പ്രതി സാബിത്ത് നാസർ ഇടനിലക്കാരൻ അല്ലെന്നും മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. പ്രതിയുമായി ബന്ധമുള്ള സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. പിടിയിലാകുന്നതിനു മുൻപ് സാബിത്തുമായി മറ്റു ചിലർ കൂടി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ അഞ്ചുവർഷമായി ഇറാനിൽ താമസിച്ചാണ് സാബിത്ത് മനുഷ്യക്കടത്ത് നിയന്ത്രിച്ചിരുന്നത്. അതിനാൽ മനുഷ്യകടത്തിന് നാട്ടിൽ നിന്ന് സഹായം ഒരുക്കിയത് ഈ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.