സഞ്ചാരികള്‍ക്കിടയില്‍ ‘കോഴിക്കോടിന്‍റെ ഗവി’ എന്നാണ് വയലട അറിയപ്പെടുന്നത്. ഗവി പോലെത്തന്നെ എങ്ങും പടരുന്ന കോടമഞ്ഞിന്‍റെ കുളിരും കണ്ണിനു കുളിരേകുന്ന പച്ചപ്പുമാണ് ഇവിടെയെങ്ങും. നിറയെ ചെറിയ മലകള്‍ ഉള്ളതിനാല്‍ ട്രെക്കിങ്ങിന് ഏറെ അനുയോജ്യമാണ് ഇവിടം. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നതിനാല്‍, ഹില്‍സ്റ്റേഷന്‍റെ എല്ലാവിധ സൗന്ദര്യവും വയലടക്കുണ്ട്. ഏറ്റവും മുകളില്‍ നിന്നു നോക്കിയാല്‍ കൂരാച്ചുണ്ട്, പേരാമ്പ്ര പട്ടണങ്ങളുടെ വിശാലമായ കാഴ്ച കണ്ണിന് കുളിർമ നൽകുന്നാണ്.
ഇവിടുത്തെ ഏറ്റവും ഉയരമുള്ള മലയാണ് കോട്ടക്കുന്ന് മല. കാല്‍നടയായി കയറി വ്യൂപോയിന്‍റ് എത്തിയാല്‍, ചുറ്റും വലിയ പാറക്കൂട്ടങ്ങളും കക്കയം റിസര്‍വോയറുമെല്ലാം കാണാം. ഒപ്പം കാടും പച്ചപ്പും താണ്ടിയെത്തി, മുടിയിഴകളെ തലോടുന്ന തണുത്ത കാറ്റും നമ്മുക്ക് അതിമനോഹരമായ അനുഭവം നൽകുന്നതാണ് . കോഴിക്കോട് ഭാഗത്ത് നിന്ന് ബാലുശ്ശേരി വഴിയും താമശ്ശേരി ഭാഗത്ത് നിന്ന് – എസ്‌റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയിന്റിലേക്ക് എത്തിച്ചേരാവുന്നതാണ്. ബാലുശ്ശേരിയില്‍ നിന്ന് മണിക്കൂറുകളുടെ ഇടവേളയില്‍ ഇവിടേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുണ്ട്. ബസിറങ്ങി നടന്നാണ് വ്യൂപോയിന്‍റിലെത്തുന്നത്.
എല്ലാ സമയത്തും സുന്ദരമാണെങ്കിലും മണ്‍സൂണ്‍ കാലത്താണ് വയലട ഏറ്റവും കൂടുതല്‍ മനോഹരിയായി അണിഞ്ഞൊരുങ്ങുന്നത്. കോടമഞ്ഞും മഴയുമെല്ലാമായി കിടിലനൊരു അനുഭവമാണത്. അതിരാവിലെ എത്തിയാല്‍ സൂര്യോദയവും, വൈകുന്നേരമാണെങ്കില്‍ അസ്തമയ സമയത്ത് സൂര്യന്‍ ഒരു ചെന്തളിക പോലെ ആകാശത്ത് സിന്ദൂരം വാരി വിതറുന്ന കാഴ്ചയും ആസ്വദിക്കാം.