താൻ നായകനായി എത്തിയ പുതിയ ചിത്രം ‘തലവന്‍’ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സന്തോഷത്തിൽ വികാരാധീനനായി കണ്ണുനിറഞ്ഞ് ആസിഫ് അലി. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലാണ് വികാരാധീനനായ ആസിഫ് അലിയെ കാണാനാകുക.
വെള്ളിയാഴ്ച റിലീസായ തലവന്റെ പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷം തിയറ്ററിൽ നിന്നും യാത്രയാകുന്നതിനിടെയാണ് ആസിഫ് അലിയെ മാധ്യമങ്ങൾ വളഞ്ഞത്. മാധ്യമപ്രവർത്തകരോടു നന്ദി പറഞ്ഞ ശേഷം ഇത്ര മികച്ച പ്രതികരണങ്ങള്‍ കണ്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന തലവന് വെള്ളിയാഴ്ച രാത്രി പല സെന്ററുകളിലും പ്രേക്ഷകാവശ്യപ്രകാരം സ്പെഷല്‍ ഷോകളും ഒരുക്കിയിരുന്നു. ഹിറ്റ് ജോഡികളായ ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ഹിറ്റായി തലവന്‍ മാറുമെന്നാണ് സൂചന. ഫീല്‍ – ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നുതന്നെ വേണം പറയാന്‍.
അതേസമയം തമിഴ്നാട്ടിലും സിനിമയ്ക്കു ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴിലെ നിരൂപകർ അടക്കമുള്ളവർ സിനിമയെ പ്രശംസിച്ച് രംഗത്തുവരുന്നുണ്ട്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫിസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം–പശ്ചാത്തലസംഗീതം ദീപക് ദേവ്, ഛായാഗ്രഹണം ശരൺ വേലായുധൻ.
എഡിറ്റിങ് സൂരജ് ഇ. എസ്., കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോ. ഡയറക്ടർ സാഗർ, അസോഷ്യേറ്റ് ഡയറക്ടേർസ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്‌ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.