കൊച്ചി: പരസ്യങ്ങള്‍ നല്‍കുമ്പോള്‍ ആരോഗ്യ മേഖലയും ഓഫ് ഷോര്‍ ബെറ്റിങ്ങ് മേഖലയും ഏറ്റവും കൂടുതല്‍ നിയമലംഘനം നടത്തുന്നതായി അഡ്വര്‍ടൈസിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എഎസ്‌സിഐ) വാര്‍ഷിക പരാതി റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. അസ്വീകാര്യമായ 85% പരസ്യങ്ങളും ഡിജിറ്റല്‍ മാധ്യമത്തിലൂടെയാണ് വരുന്നത്. അച്ചടി, ടിവി മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളില്‍ 97 ശതമാനവും നിയമം പാലിച്ചുകൊണ്ട് വരുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തുവന്ന 8299 പരസ്യങ്ങളും പരസ്യങ്ങളുമായി ബന്ധപ്പെട്ട 10,093 പരാതികളുമാണ് എഎസ്‌സിഐ പരിശോധിച്ചത്.
നിയമലംഘനം നടത്തുന്നതില്‍ 19ശതമാനവും ആരോഗ്യ പരിപാലന മേഖലയിലെ പരസ്യങ്ങളാണ്. തൊട്ടടുത്ത സ്ഥാനത്ത് 17 ശതമാനത്തോടെ അനധികൃത ഓഫ് ഷോര്‍ ബെറ്റിങ്ങ് മേഖലയും 13 ശതമാനത്തോടെ വ്യക്തി പരിചരണ മേഖലയും 12ശതമാനത്തോടെ പരമ്പരാഗത വിദ്യാഭ്യാസ മേഖലയും 10ശതമാനത്തോടെ ഭക്ഷ്യ, പാനീയ മേഖലയും 7ശതമാനത്തോടെ റിയല്‍ എസ്റ്റേറ്റ് മേഖലയുമാണ്. ഏറ്റവും കൂടുതല്‍ നിയമലംഘനം നടത്തുന്നവരില്‍ ബേബി കെയര്‍ മേഖലയും പുതുതായി കടന്നു വന്നിരിക്കുന്നു. ബേബി കെയര്‍ കേസുകളിലെ 81 ശതമാനം നിയമലംഘനങ്ങളും ഇന്‍ഫ്ളുവന്‍സര്‍മാര്‍ നടത്തുന്ന പ്രമോഷനുകളിലൂടേയാണ് നടക്കുന്നത്. ആരോഗ്യ പരിപാലന മേഖലയിലെ 1575 പരസ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 1249 എണ്ണം 1954-ലെ ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് ആക്റ്റ് ലംഘിക്കുന്നതായി കണ്ടെത്തി.
എഎസ്‌സിഐ നിയമങ്ങള്‍ ലംഘിക്കുന്ന പരസ്യങ്ങളില്‍ സെലിബ്രിറ്റികള്‍ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. പരസ്യ മേഖലയില്‍ നിയമലംഘനം തടയുന്നതിനായി എഎസ്‌സിഐ അക്കാദമിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും ലക്ഷ്യമിട്ടു കൊണ്ട് ”ദി എഎസ്‌സിഐ ഗൈഡ് ടു റസ്പോണ്‍സിബിള്‍ അഡ്വര്‍ടൈസിങ്ങ്’ എന്ന സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് ആരംഭിച്ചു.
ധാര്‍മികത പുലര്‍ത്തുന്ന പരസ്യം പ്രോത്സാഹിപ്പിക്കുവാനും പരസ്യങ്ങളുടെ തന്നെ വിശ്വാസ്യത കാലക്രമേണ ഇല്ലാതാക്കാന്‍ പോകുന്ന തരത്തിലുള്ള പരസ്യങ്ങളെ തീര്‍ത്തും ഇല്ലാതാക്കാനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എഎസ്‌സിഐ ചെയര്‍മാന്‍ സൗഗദ ഗുപ്ത പറഞ്ഞു