Recipe

നാടൻ രുചിയിൽ തയ്യാറാക്കാം മീൻ പെരട്ട്

വ്യത്യസ്തതരം പെരട്ടുകൾ നാം കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മീന്‍ ഉപയോഗിച്ച് ഒരു പെരട്ട് ഉണ്ടാക്കിയാലോ. ഇതിനായി ഏത് മീൻ വേണമെങ്കിലും ഉപയോഗിക്കാം. അല്‍പം മാംസമുള്ള മീൻ ആണെങ്കിൽ അതാണ് നല്ലത്. ഇത് കഷണങ്ങളായി മുറിച്ച് വൃത്തിയാക്കി എടുക്കുക.

കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് ടേബിള്‍സ്പൂണ്‍ കശ്മീരി മുളക്‌പൊടി, അര ടീസ്പൂണ്‍ ഉപ്പ്, 1 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ പുരട്ടി മീന്‍ അര മണിക്കൂര്‍ വയ്ക്കുക. ശേഷം ഉണക്കമുളക് ബ്രൗണ്‍ നിറമാകുന്നത് വരെ മൂപ്പിച്ചെടുക്കണം. പിന്നീട് ഇത് മാറ്റി ചെറിയ ഉള്ളി 30 എണ്ണം ചേര്‍ത്ത് ഡാര്‍ക്ക് ബ്രൗണ്‍ ആകുന്നത് വരെ ഇളക്കാം. മുളകിന്റെയും ഉള്ളിയുടേയും ചൂട് പോയിക്കഴിഞ്ഞാല്‍ ഇതിലേക്ക് ഒരു ചെറിയ കഷ്ണം വാളന്‍ പുളി, കാല്‍ കപ്പ് വെളളം എന്നിവ ചേർത്ത് അരച്ചെടുക്കുക.

പിന്നീട് പാനിലേക്ക് വെളിച്ചെണ്ണ പാകത്തിന് ഒഴിച്ച് ഇത് ചൂടായതിന് ശേഷം മീന്‍ ഇതിലേയ്ക്കിട്ട് വറുത്തെടുക്കാം. ശേഷം കടുക് പൊട്ടിച്ച് . ഇതിലേയ്ക്ക് ഇഞ്ചി കഷ്ണങ്ങള്‍, വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്, ചെറിയുള്ളി അരിഞ്ഞത്, കറിവേപ്പില, ക്രഷ് ചെയ്ത അല്‍പം ഉണക്കമുളക് എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കണം. ഇതിലേയ്ക്ക് അരച്ച പുളിക്കൂട്ട് ചേര്‍ത്തിളക്കണം. വറുത്ത് വച്ച മീന്‍ കഷ്ണങ്ങള്‍ കൂടി ചേർത്ത് അല്‍പനേരം ഇളക്കി മസാല ഇതില്‍ പിടിച്ച് കഴിയുമ്പോള്‍ കറിവേപ്പില ചേര്‍ക്കാം. ഇതോടെ സ്വാദിഷ്ടമായ മീൻ പെരട്ട് തയ്യാർ.