India

“മോദിയെ” ട്രോളി “തരൂര്‍”: വ്യാജനോ അതോ ദിവ്യനോ ?

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് വോട്ടെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ചെറുതായൊരങ്കലാപ്പ് ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്നത് വസ്തുതയാണ്. വര്‍ഗീയ രാഷ്ട്രീയത്തെ മിക്കയിടങ്ങളിലും പ്രതിരോധിക്കാന്‍ സജ്ജമായി പുതിയൊരു നിര വന്നിട്ടുണ്ടോയെന്ന ശങ്കയും ഇഴര്‍ക്കില്ലാതില്ല. അതുകൊണ്ടുതന്നെ ഇതിനെ ചെറുക്കാന്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ സജീവമാക്കിയിരിക്കുകയാണ് ബി.ജെ.പി സെല്‍.

അവിടെയൊന്നും പിടിച്ചു നില്‍ക്കില്ലെന്നു കണ്ടാണ് സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങിയത്. ഈ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തുറുപ്പു ചീട്ടും ജോക്കറും ഗുലാനുമെല്ലാം പ്രധാനമന്ത്രി തന്നെയാണ്. തന്റെ ഭരണ തുടര്‍ച്ചയ്ക്ക് പിന്തുണ നല്‍കുക എന്ന ഉദ്ദേശം മാത്രമാണ് ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിക്കുള്ളൂ എന്ന സ്ഥിതിയിലേക്ക് എത്തപ്പെട്ടിരിക്കുന്നു. അങ്ങനെ എത്തിപ്പെടാന്‍ കാരണം, രാജ്യത്തെ കഴിഞ്ഞ പത്തു വര്‍ഷം അഭിസംബോധന ചെയ്തതു വഴിയാണ്.

പാര്‍ട്ടിയെയും നേതാക്കളെയും വരുതിയില്‍ നിര്‍ത്തുയെന്നതല്ല, മറിച്ച് അടിമയാക്കുക എന്ന പോളിസിയിലാണ് പ്രധാനമന്ത്രിയുടെ മുന്നേറ്റം ഉണ്ടായത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ കഴിയാത്ത വിധം നിര്‍ജ്ജീവമായിപ്പോയ ഒരു പ്രതിപക്ഷത്തെ കൂടി കിട്ടിയതോടെ മോദി അജയ്യനായി മാറി. അങ്ങനെ രാഷ്ട്രീയ കളവും, തെരഞ്ഞടുപ്പ് രാഷ്ട്രീയവും തന്റെ വരുതിയില്‍ വന്നുവെന്ന് പൂര്‍ണ്ണ ബോധ്യമായതോടെയാണ് മോദിയുടെ ഹാട്രിക് വിജയത്തിനു വേണ്ടിയുള്ള കരുക്കള്‍ നീക്കിയത്.

അതുകൊണ്ടാണ് ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും. ദിവ്യത്വത്തെപ്പോലും സ്വയം എടുത്തണിയാന്‍ അദ്ദേഹത്തിനു തോന്നുന്നത് പാര്‍ട്ടിയിലെ അപ്രമാദിത്വം കൊണ്ടാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. അതിരു കടന്ന ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച ഒരു കാര്യം ആധുനിക ഇന്ത്യയിലാണെന്ന് മറക്കരുതായിരുന്നു. മോദിയുടെ ഈ വാക്കുകളെ പരിഹസിച്ചു കൊണ്ട് പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. പ്രധാനമായും തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച വിശ്വപൗരന്‍മാരില്‍ ഒരാളായ ശശിതരൂരാണ് രംഗത്തു വന്നിരിക്കുന്നത്.

‘പ്രധാനമന്ത്രി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ”ഒരു ദിവ്യന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോ? ഇല്ലെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണം” എന്നാണ് തരൂര്‍ പരിഹസിച്ചിരിക്കുന്നത്.

തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പരിഹസിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തനിക്കൊരു പ്രശ്‌നമേയല്ലെന്ന ഭാവമാണ് മോദിക്കുള്ളത്. ഇതിലും വലുത് പറയാനുണ്ടെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളതും.