Video

പ്രളയമുണ്ടാകുമെന്ന വ്യാജപ്രചാരണത്തിന് ആരും ശ്രമിക്കരുത്

സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ജാഗ്രതാ മുന്നൊരുക്കങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ രാജൻ. വേനൽ മഴയുടെ അളവ് മുൻ വർഷത്തേക്കാൾ കൂടിയതായും മന്ത്രി അറിയിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയ വയനാട്ടിൽ പോലും 200 എംഎമ്മിന് മുകളിൽ മഴ ലഭിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി മൂലവും ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദവും കിഴക്കൻ കാറ്റുമാണ് അതിത്രീവ മഴയ്ക്ക് കാരണമെന്നും രണ്ട് ദിവസത്തിന് ശേഷം ഈ കാലാവസ്ഥക്ക് മാറ്റമുണ്ടാകുമെന്നും കെ രാജൻ പറഞ്ഞു.

ഇന്നും നാളെയും പരക്കെ മഴ പെയ്യുമെന്നും എന്നാൽ ഞായറാഴ്ച മുതൽ മഴ ശമിക്കുമെന്നും ഈ വർഷത്തെ മൺസൂൺ മേയ് 31 ന് എത്തുമെന്നും മന്ത്രി കൂട്ടി ചേർത്തു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് ലഭിച്ചതായും മന്ത്രി അറിയിച്ചു. ഒരേ സമയം പെയ്യുന്ന മഴയുടെ അളവ് കൂടുതലായാൽ അത് ഉൾക്കൊള്ളാനുള്ള സൗകര്യമില്ല എന്നത് യാഥാർഥ്യമാണെന്നും അതാണ് സംസ്ഥാനത്ത് പല നഗരങ്ങളും വെള്ളക്കെട്ടില്‍ അകപ്പെടാൻ കാരണമായതെന്നും രാജൻ വിശദീകരിച്ചു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയുടെ ഭാഗമായി ഉണ്ടായ അപകടത്തിൽ 11 പേർക്ക് ജീവൻ നഷ്ടമായതായി രാജൻ അറിയിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പൊലീസ്, ഫയർ ഫോഴ്സ്, തുടങ്ങിയവർ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നും മന്ത്രി പറഞ്ഞു.

Latest News