കഴിഞ്ഞയാഴ്ച പൂനെ കല്യാണി നഗറിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാത്തതിന് രണ്ട് പൂനെ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. അപകടത്തെക്കുറിച്ച് വയർലെസ് കൺട്രോൾ റൂമിനെ അറിയിക്കാത്തതിനാൽ പോലീസ് ഇൻസ്പെക്ടർ (പിഐ) രാഹുൽ ജഗ്ദലെ, അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടർ (എപിഐ) വിശ്വനാഥ് തോഡ്കരി എന്നിവരെ സസ്പെൻഡ് ചെയ്തതായി പൂനെ പോലീസ് കമ്മീഷണർ (സിപി) അമിതേഷ് കുമാർ അറിയിച്ചു .
ഞായറാഴ്ച പുലർച്ചെയാണ് പൂനെ നഗരത്തിൽ മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 2 സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ മദ്യപിച്ച് പോർഷെ കാർ ഓടിച്ചിരുന്ന 17 വയസ്സുകാരൻ കൊലപ്പെടുത്തിയത്. അപകടം നടന്ന് മണിക്കൂറുകൾക്കകം പ്രതിക്ക് ജാമ്യം ലഭിച്ചതിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി) പ്രതിയായ കൗമാരക്കാരനെ റിമാൻഡ് ചെയ്തു. മോട്ടോർ സൈക്കിളിൽ രണ്ടുപേരുടെ മേൽ പാഞ്ഞുകയറിയ പോർഷെ ഓടിച്ചത് ഫാമിലി ഡ്രൈവറാണെന്നും 17 കാരനല്ലെന്നും തെളിയിക്കാനായി തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പോലീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചതിൽ സോഷ്യൽ മീഡിയയിലും വലിയ ജനരോക്ഷമാണ് ഉയർന്നത്.
17 വായസ്സ് മാത്രം പ്രായമുള്ള പ്രതി പബ്ബിൽ നിന്ന് മദ്യം കഴിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന സുപ്രധാന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് അമിതേഷ് കുമാർ പറഞ്ഞു. പ്രതി പൂർണ്ണ ബോധത്തിലായിരുന്നുവെന്നും, അപകടമുണ്ടാക്കിയത് മദ്യലഹരിയിൽ മനഃപൂർവ്വമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. പോലീസ് കസ്റ്റഡിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ അനാവശ്യമാ പരിഗണന നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. കാർ അപകടത്തിന് ശേഷം പ്രതിയായ കുട്ടിക്ക് പോലീസ് പിസ നൽകിയെന്നും ആരോപണമുയർന്ന് വന്നിട്ടുണ്ട് . എന്നാൽ “പോലീസ് സ്റ്റേഷനിൽ ഒരു പിസ്സ പാർട്ടി നടന്നിട്ടില്ലെന്നും, ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അമിതേഷ് കുമാർ പ്രതികരിച്ചു.
“ഞങ്ങൾ ഇതൊരു പഴുതടച്ച് കേസാക്കി മാറ്റാൻ ശ്രമിക്കുകയാണ്. പ്രതിയുടെ രക്ഷാകർത്തവിനും, ബാറുടമകൾക്കുമെതിരെ ഇതിനകം പോലീസ് കേസെടുത്തിട്ടുണ്ട് കമ്മീഷണർ കൂട്ടിച്ചേർത്തു. കേസിൽ കൗമാരക്കാരൻ്റെ പിതാവ് വിശാൽ അഗർവാളും ബാറുമായി ബന്ധപ്പെട്ടുള്ളവരും കൂടി മറ്റ് നാല് പേരും അറസ്റ്റിലായിട്ടുണ്ട്. അഞ്ച് പേരെയും ജൂൺ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.