യൂട്യൂബ് റിവ്യൂവറുടെ ‘ടർബോ’ സിനിമ റിവ്യൂവിനെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി. റിവ്യൂവിന്റെ തമ്പ്നെയ്‌ലിൽ ‘ടർബോ’ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു ഉപയോഗിച്ചത്. ഇതിനെതിരെയാണ് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനി രംഗത്തെത്തിയത്. തുടർന്ന് വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. തമ്പ്നെയ്‌ൽ മാറ്റിയ ശേഷം വീഡിയോ പബ്ലിഷ് ചെയ്തിട്ടുണ്ട്.
ടർബോയ്ക്ക് റിവ്യൂവർ നെഗറ്റീവ് റിവ്യൂവാണ് നൽകിയിരുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയ്‌ക്കെതിരെ റിവ്യൂവർ മോശം പ്രതികരണം നടത്തിയെന്ന് ആരോപിച്ച് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. നെഗറ്റീവ് റിവ്യൂ ചെയ്തതിനാലാണ് മമ്മൂട്ടി കമ്പനി നടപടിയുമായി രംഗത്ത് വന്നത് എന്ന ആരോപണവുമുണ്ട്.
ഇതേ റിവ്യൂവർക്കെതിരെ നിർമാതാവ് സിയാദ് കോക്കർ പരാതിയുമായി നേരത്തെ രംഗത്ത് വന്നിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന സിനിമയ്ക്ക് റിവ്യൂവർ മോശം റിവ്യൂ നൽകിയെന്ന് ആരോപിച്ചായിരുന്നു സിയാദ് കോക്കർ പരാതി നൽകിയത്.
അതേസമയം ടർബോ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ ദിനം 17.3 കോടിയാണ് ടർബോ സ്വന്തമാക്കിയത്. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ.