തിരുവനന്തപുരം: ഒരു കാലത്തും സിപിഐഎമ്മില്‍ ബാര്‍ കോഴ ഉണ്ടാകില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെളിവ് പുറത്ത് വരട്ടെയെന്നും അങ്ങനെയൊന്ന് വന്നാൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞാൽ അത് സിപിഐഎം ആണെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.
ബാർ കോഴയിലെ യഥാര്‍ത്ഥ പ്രതികളെ കൊണ്ടുവരുമ്പോള്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷം ഒരു ആരോപണം കൊണ്ടുവരുമ്പോള്‍ രാജി വെക്കാനുള്ളതല്ല മന്ത്രിസ്ഥാനമെന്നും ചിഞ്ചുറാണി പ്രതികരിച്ചു. തെളിവ് സഹിതം കൊണ്ടുവന്നെങ്കില്‍ മാത്രമേ തങ്ങള്‍ പ്രതികരിക്കൂയെന്നും ചിഞ്ചുറാണി പറഞ്ഞു.
അതേസമയം ഭരണപക്ഷത്തിനെതിരെ വീണുകിട്ടിയ ആയുധമായിട്ടാണ് ബാര്‍കോഴ ആരോപണത്തെ പ്രതിപക്ഷം നോക്കിക്കാണുന്നത്. അതുപയോഗിച്ച് സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പരമാവധി വെട്ടിലാക്കാൻ പ്രതിപക്ഷ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലേക്ക് ഇറങ്ങിയിരുന്നു. മന്ത്രിയുടെ തൃത്താലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.
മന്ത്രിക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയിലേക്കും സർക്കാരിനെതിരെയും നീട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. ബാർ കോഴ വിഷയം വരാനിരിക്കുന്ന നിയമസഭാ സമ്മേളത്തിലും പ്രതിപക്ഷം സജീവ ചര്‍ച്ചയാക്കിയേക്കും.