Kerala

‘പുസ്തകമായ കൊലപാതകം’ : കൊല്ലാന്‍ പാമ്പിനെ ഉപയോഗിച്ച ഭര്‍ത്താവും ഹതഭാഗ്യയായ ഭാര്യയും: വീണ്ടും വായിക്കുമോ ആ കഥ ?

‘പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ടാകും’ എന്ന പരസ്യം പോലെയാണ് ‘പുസ്തകമെഴുതാന്‍ എല്ലാവര്‍ക്കും ഒരു കാരണമുണ്ടാകും’ എന്നു പറയുന്നത്. ‘ഇങ്ങേര്‍ക്ക് ഇത് എന്തിന്റെ കേട്’ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പക്ഷെ, ഒരു പുസ്തകം എഴുതിയാലേ, അതിനെക്കുറിച്ചുള്ള അസ്വസ്ഥതകള്‍ മാറൂയെങ്കില്‍ പുസ്തകം എഴുതുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്. ഉത്തരാഖണ്ഡ് ഡി.ജി.പി അലോക് ലാലും, മകന്‍ മനാസ് ലാലും ചേര്‍ന്നുള്ള പുസ്തകമെഴുത്ത് കേരളം ചേര്‍ത്തു പിടിച്ചത്, ഇവിടുത്തെ വിഷയമായതു കൊണ്ടാണ്.

അതും ഒരു പൈശാചികമായ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകള്‍ ആയതു കൊണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ കഥയായതു കൊണ്ട്. ഹതഭാഗ്യയായ ആ ഭാര്യ ഉത്രയെന്ന പെണ്‍കുട്ടിയായിരുന്നു. അവളുടെ ദാരുണാന്ത്യത്തെ എഴുതി വെയ്ക്കാന്‍ തോന്നിയത് ഉത്തരാഖണ്ഡ് ഡി.ജി.പിക്കാണല്ലോ എന്നതാണ് കൗതുകം. എന്തായാലും ആ പുസ്തകം വലിയൊരറിവും, വെളിട്ടവുമായിതീരുമെന്നുറപ്പാണ്. ‘ഫാന്‍ങ്സ് ഓഫ് ഡെത്ത് -എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മര്‍ഡര്‍’ എന്ന പേരിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്.

രാജ്യത്തു തന്നെ ഇതിന് മുമ്പ് രണ്ടുതവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലപ്പെടുത്താന്‍ പാമ്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്. നാഗ്പൂരില്‍ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ മകന്‍ തന്നെയാണ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. എന്നാല്‍ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിചാരണ കോടതികള്‍ വെറുതെ വിട്ടത് മഹാരാഷ്ട്രാ പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്.

എന്നാല്‍, കേരളത്തില്‍ നടന്ന കൊലപാതകം ശ്രദ്ധേയമായത്, കേരളാ പോലീസിന്റെ ബുദ്ധി വൈഭവം കൊണ്ടാണ്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളിലൂടെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തു എന്നതാണ് ഈ കേസിനെ പുസ്തക രൂപത്തില്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നീക്കത്തിനു പിന്നില്‍. ജീവനുള്ള വസ്തുവിനെ ഉപയോഗിച്ചുള്ള കൊലപാതകം പിടിക്കപ്പെട്ടാലും കോടതിയിനിന്നു രക്ഷപ്പെടാമെന്ന അമിത ആത്മവിശ്വാസമായിരിക്കാം പ്രതിയെ കൊലപാതകത്തിന് ഈ വഴിതേടാന്‍ പ്രേരിപ്പിച്ചത്. കേരളാ പോലീസിന്റെ അന്വേഷണ ത്വരയും ഉയര്‍ന്ന ബൗദ്ധിക നിലവാരവും തെളിയിച്ച കേസ് എന്ന നിലയിലാണ് ഉത്രാ കേസ് അറിയപ്പെടുന്നത്.

കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പോലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെ ചുമത്തിയത്. പാമ്പ് പിടിത്തക്കാരന്‍ സുരേഷിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട സുരേഷിനെ പോലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. സൂരജിന് പാമ്പുകളെ കൊടുത്തിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാന്‍ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാന്‍ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിന്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി സൂരജിന് വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും ഏഴും ആകെ 17 വര്‍ഷം തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ പ്രായവും ഇതിനു മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതും പരിഗണിച്ചാണ് പ്രതിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയത്. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

ഉത്രയുടെ മരണത്തിലേക്കു നയിച്ച കഥ ഇങ്ങനെ

അഞ്ചല്‍ ഏറം ‘വിഷു’വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്രയ്ക്കു 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 മാര്‍ച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്പോഴാണു മൂര്‍ഖന്റെ കടിയേറ്റത്.

കോണിപ്പടിയില്‍ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് വഴക്കിട്ടതോടെ കുടുംബാംഗങ്ങള്‍ക്കു സംശയമുണ്ടാകുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണു രാജ്യത്തുതന്നെ അപൂര്‍വമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനെ കണ്ടതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.

87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിന്റെ കയ്യില്‍നിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്. ഉത്ര വധക്കേസ് ഫൊറന്‍സിക് സയന്‍സില്‍ പുതിയ അധ്യായത്തിനും വഴിതെളിച്ചു.

മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇന്‍സ്റ്റിറ്റിറ്റിയൂട്ടുകള്‍ പഠനം തുടങ്ങി.