ക്രിസ്റ്റ്യൽ പാസിന്റെ വിങ്ങർ മൈക്കൽ ഒലിസെയെ സ്വന്തമാക്കാനൊരുങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ആയി ചെൽസിയും രംഗത്ത്. ചെൽസി താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. ഒലിസെയുടെ റിലീസ് ക്ലോസ് ആയ 60 മില്യൺ നൽകിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ സാധിക്കുകയുള്ളു. യുണൈറ്റഡും ചെൽസിയും ഇപ്പോൾ താരവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്.
22കാരനായ ഫ്രഞ്ച് വിങ്ങർ ക്രിസ്റ്റൽ പാലസിനായി മികച്ച പ്രകടനങ്ങളാണ് ഈ സീസണിൽ കാഴ്ചവെക്കുന്നത്. ഒലിസെ എക്കാലത്തെയും മികച്ച ഫോമിലാണെന്നാണ് കായികലോകത്തിൻ്റെ വിലയിരുത്തൽ. ഇതുവരെ ഏതു ക്ലബിലേക്ക് പോകണം എന്ന് ഒലിസെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനം ഉടൻ ഉണ്ടായേക്കാമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
വലതു വിങ്ങിൽ ആന്റണിയുടെ മോശം പ്രകടനങ്ങൾ തുടരുന്ന സാഹചര്യമാണ് യുണൈറ്റഡ് ഒരു പുതിയ റൈറ്റ് വിങ്ങറെ തേടാൻ തീരുമാനിച്ചതിന് പുറകിൽ. ഈ സീസണിൽ ക്രിസ്റ്റൽ പാലസിനായി 10 ഗോളുകളും 5 അസിസ്റ്റും ഒലിസെ നൽകിയിരുന്നുയെന്നത് ശ്രദ്ധേയമാണ്.
ചെൽസി കഴിഞ്ഞ സീസണിലും ഒലീസെയ്ക്കായി ശ്രമങ്ങൾ നടത്തിയിരുന്നു. ചെൽസി താരത്തിൻ്റെ അന്നത്തെ റിലീസ് ക്ലോസായ 35 ദശലക്ഷം നൽകാൻ തയ്യാറായിട്ടും ഒലിസെ ചെൽസിയിൽ പോകാൻ തയ്യാറായിരുന്നില്ല.ഒലിസെയെ ആരു നേടുമെന്ന കൗതകത്തിലാണ് കായികലോകം.