ഐ പിഎല്ലിൽ കിരീടത്തിൽ എത്താൻ ആയില്ലെങ്കിലും ഈ സീസണിലും സമീപ മൂന്ന് സീസണുകളിലും രാജസ്ഥാൻ റോയൽസ് മികച്ച നിലവാരമാണ് പുലർത്തുന്നതെന്ന് സഞ്ജു സാംസൺ. അവസാന മൂന്നു സീസണുകളിലായി ക്ലബ് ഒരു നല്ല പ്രൊജക്ടാണ് ഉയർത്തുന്നതെന്നും, ഇന്ത്യക്കായി നല്ല താരങ്ങളെ വാർത്തെടുക്കാൻ ക്ലബിനാകുന്നുണ്ടെന്നും സഞ്ജു പറഞ്ഞു.
“ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് ചില മികച്ച മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു. ഇത് ഞങ്ങളുടെ ഫ്രാഞ്ചൈസിക്ക് ഒരു മികച്ച പ്രോജക്റ്റാണ്. രാജ്യത്തിന് വേണ്ടി മികച്ച ചില നല്ല പ്രതിഭകളെ ഞങ്ങൾ വാർത്തെടുത്തിട്ടുണ്ട്.” സഞ്ജു പറയുന്നു.
റിയാൻ പരാഗ്, ധ്രുവ് ജുറൽ തുടങ്ങിയ താരങ്ങൾ തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രതീക്ഷയായി മാറുന്ന താരങ്ങളാണെന്നും സഞ്ജു വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് നല്ല മികച്ച സീസണുകൾ ആണ് കഴിഞ്ഞു പോയതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ഐപിൽ സീസണുകളിൽ കാഴ്ചവച്ച പ്രകടനങ്ങളാണ് സഞ്ജുവിനെ ഇന്ത്യൻ ടീമിലെത്തിച്ചത്. കെഎൽ രാഹുൽ, ജിതേഷ് ശർമ്മ എന്നിവരെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പിന്തള്ളിയാണ് സഞ്ജുവിൻ്റെ മുന്നേറ്റം. സഞ്ജുവിൻ്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം മലയാളികളും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരുന്നു. വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന സഞ്ജുവിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഞൊടിയിടയിലാണ് വയറലായത്. മുൻ ക്രിക്കറ്റ് താരങ്ങൾ അടങ്ങുന്ന പ്രമുഖർ സഞ്ജുവിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.