കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അൻവാറുലിനെ കൊൽക്കത്തയിലെ ഹോട്ടലിലേക്കെത്തിച്ചത് ഹണിട്രാപ്പിലൂടെയാണെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ ഷിലാസ്തി റഹ്മാൻ എന്ന യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. അഖ്തറുസ്സമാൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഇയാൾ ബംഗ്ലാദേശ് വംശജനും യു.എസ് പൗരനുമാണ്. കൊലപാതകം നടത്താനായി ഇയാൾ പ്രതികൾക്ക് അഞ്ച് കോടി രൂപ പ്രതിഫലമായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
ഷിലാസ്തി റഹ്മാൻ എന്ന പെൺകുട്ടിയെ ഉപയോഗിച്ച് ഹണി ട്രാപ്പിൽ കുടുക്കിയാണ് എം.പിയെ കൊല്‍ക്കത്ത ന്യൂടൗണിലെ ആഡംബര ഹോട്ടലിലേക്ക് എത്തിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചതായി പറയുന്നു. ഷിലാസ്തി റഹ്മാൻ ഇതിനോടകം ബംഗ്ലാദേശ് പൊലീസിസ് അറസ്റ്റ് ചെയിതിട്ടുണ്ട്. കൊലയാളികളിൽ ഒരാളുടെ സുഹൃത്തായിരുന്നു ഷിലാസ്തിയെന്നാണ് പൊലീസിൻ്റെ വെളിപ്പെടുത്തൽ.
അൻവാറുൾ അസിം അനാറിനെ ഹണിട്രാപ്പിലൂടെ കൊലയാളികളുടെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നു ഷിലാസ്തിയെ ഏൽപ്പിച്ച ദൗത്യം. തുടർന്ന് ഇവർ എംപിയെ കൊലയാളികൾ താമസിക്കുന്ന ഹോട്ടലിലേക്ക് വിജയകരമായി എത്തിക്കുകയും ചെയ്തു. ശേഷം പ്രതികൾ ചേർന്ന് എംപിയെ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു.
എം പി ഷിലാസ്തിയോടൊപ്പം ഹോട്ടലിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേസിൽ സുപ്രധാന തെളിവായെന്നും പോലീസ് വ്യക്തമാക്കി.മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കൊലപാതകത്തിന് പ്രതികളെ സഹായിച്ച ജിഹാദ് ഹാവലാധര്‍ എന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനെ കൊല്‍ക്കത്ത പൊലീസിന്റെ സി.ഐ.ഡി. വിഭാഗം അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് പ്രതികളെ നയിച്ച കാരണം വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുകയാണ്.