Environment

ഏറ്റവും കളർഫുള്ളായ മരങ്ങൾ; മഴവിൽ നിറങ്ങളുള്ള യൂക്കാലിപ്റ്റസ്

നമുക്ക് ഏറെ പരിചിതമായ ഒരു മരമാണ് യൂക്കാലിപ്റ്റസ്. ഈ മരങ്ങളുടെ കൂട്ടത്തിൽ മഴവിൽ നിറത്തിലുള്ള യൂക്കാലിപ്റ്റസ് മരങ്ങളുണ്ട്. തൊലിയിൽ മഴവിൽ നിറങ്ങളുള്ള ഈ യൂക്കാലിപ്റ്റസ് മരം ലോകത്തെ ഏറ്റവും കളർഫുളായ മരമെന്നാണ് അറിയപ്പെടുന്നത്. ഓരോ സീസണിലും മരത്തിന്റെ തൊലിയിൽ വരുന്ന വ്യതിയാനങ്ങൾ കാരണമാണ് മരത്തിൽ ഇത്ര നിറഭേദങ്ങൾ വരുന്നത്. ഈ മരം ഇന്തൊനീഷ്യ, പാപ്പുവ ന്യൂഗിനി, ഫിലിപ്പൈൻസ് തുടങ്ങിയ മേഖലകളിലാണു വളരുന്നത്. 60 മുതൽ 75 മീറ്റർ വരെ പൊക്കം വയ്ക്കും.

പേപ്പർ നിർമാണത്തിനുള്ള പൾപ്പിനു വേണ്ടിയും അലങ്കാര മരങ്ങളായും ഇവയെ വളർത്തുന്നു. ഹവായി, കലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലും ഇത്തരം മരങ്ങൾ വളരുന്നുണ്ട്. യുഎസിൽ വളരുന്ന മരങ്ങൾ 100 മുതൽ 125 അടി വരെ പൊക്കം വയ്ക്കാറുണ്ട്. എന്നാൽ കേവലം ലുക്ക് മാത്രമല്ല ഈ മരങ്ങൾക്കുള്ളത്. പരിസ്ഥിതിരംഗത്ത് നിർണായകമായ ഒരു റോളും ഇവ വഹിക്കുന്നു. ഒരുപാടുതരം ജീവിവർഗങ്ങൾക്ക് ഇവ അഭയമേകാറുണ്ട്. ഇവയുടെ വേരുകൾ മണ്ണൊലിപ്പ് തടയാനും ഉപകരിക്കാറുണ്ട്. ഇവ വളരുന്ന മേഖലകളിലെ തദ്ദേശീയ സമൂഹങ്ങൾ വിവിധ തരത്തിലുള്ള പച്ചമരുന്നുകളും മറ്റുമുണ്ടാക്കാനായി ഇവ ഉപയോഗിക്കാറുണ്ട്. മുറിവുകൾ, ആസ്മ, ചുമ എന്നിവയുടെ ചികിത്സയിലാണ് ഇവ ഉപയോഗിക്കുന്നത്.

ഹവായ് പോലുള്ളിടങ്ങളിൽ ഇവ വളരെ പ്രശസ്തമാണ്. പൊതുപാർക്കുകൾ മുതൽ റോഡരികുകളിൽ വരെ ഇവ അലങ്കാരത്തിനായി ഇവിടങ്ങളിൽ നട്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെ ഇവ നടുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്. ഇത്തരം മൾട്ടിക്കളർ മരങ്ങൾ മാത്രമല്ല ജീവികളുമുണ്ട്. മഴവിൽ നിറമുള്ള ഒരു മീൻ സമൂഹമാധ്യമങ്ങളിൽ പണ്ട് വൈറലായിരുന്നു. മാലദ്വീപിൽ നിന്നാണ് ഈ വ്യത്യസ്തമായ മീനിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ട്വൈലൈറ്റ് റീഫ് എന്നറിയപ്പെടുന്ന വളരെ ആഴമുള്ള പവിഴപ്പുറ്റുകളിലാണ് ഇവ താമസിക്കുന്നത്.