ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയ്ക്ക് ആയിരിക്കും നിങ്ങൾക്ക് കന്യാകുമാരി പരിചിതം. കന്യാകുമാരിലെത്തുന്ന എല്ലാവരും കന്യാകുമാരി ക്ഷേത്രം സന്ദർശിച്ചേ മടങ്ങാറുള്ളൂ. എന്നാൽ എത്രപേർക്ക് 3000 വർഷം പഴക്കമുള്ള കന്യാകുമാരി ക്ഷേത്രത്തിൻറെ ഐതിഹ്യം അറിയാം ? ഭാരതത്തിൻറെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലത്തിലെ ദേവിയെ പറ്റി നിങ്ങൾക്കറിയാമോ? ആദിപരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായ ദേവിയെ കുറിച്ച് കൂടുതൽ അറിയാം…
ആദ്യപരാശക്തിയും ശിവനും എല്ലാ അവതാരങ്ങളിലും വിവാഹിതരായിട്ടുണ്ട്. എന്നാൽ ദേവി കന്യാകുമാരിക്ക് മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്നായിരുന്നു ഭഗവാൻറെ വാക്ക്. എന്നാൽ വഴിമധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചു പോവുകയായിരുന്നു. കോഴിയായി നാരദൻ ആണ് കൂവിയത്. ഇങ്ങനെയാണ് കല്യാണം മുടങ്ങിയത്. ഇതിനുപിന്നിൽ വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. ദേവി കന്യകയായി നിന്നാൽ മാത്രമേ ബാണാസുരനെ വധിക്കാൻ സാധിക്കു. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ അപ്രകാരം ചെയ്തത്. കന്യാകുമാരി ദേവിയിൽ ആകൃഷ്ടനായ ബാണാസുരൻ വിവാഹ അഭ്യർത്ഥന നടത്തി. എന്നാൽ ബാണാസുരന്റെ വിവാഹ അഭ്യർത്ഥന ദേവി നിരസിച്ചതോടെ ബാണാസുരൻ യുദ്ധത്തിന് തയ്യാറായി. അങ്ങനെ ദേവി ചക്രായുധം ഉപയോഗിച്ച് ബാണാസുരനെ വധിച്ചു.
യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശിവിശ്വനാഥക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കോഴിക്കോട് ലോകാംബിക (ലോകനാർകാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും പറയപ്പെടുന്നുണ്ട്. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. അനുഭവസ്ഥർ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന് അടയ്ക്കും. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് സുചീന്ദ്രം.
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനം വിഭജിച്ചപ്പോൾ പഴയ തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന കന്യാകുമാരി തമിഴ്നാടിന്റെ ഭാഗമായി. തിരുവിതാംകൂറിന്റെ വട്ടകോട്ട എന്ന കോട്ട ഇന്നും ഇവിടെ നിലനിൽക്കുന്നു. സതീദേവിയുടെ നട്ടെല്ല് വീണ സ്ഥലം ക്ഷേത്രത്തിനകത്ത് കാലഭൈരവന്റെ ശ്രീകോവിലായി നിലകൊള്ളുന്നു. കന്യാകുമാരിയിൽ ബലിതർപ്പണം ചെയ്യുന്നതും വിശേഷമാണ്.
വിവേകാനന്ദസ്വാമി തപസ്സുചെയ്തിരുന്ന വിവേകാനന്ദ പാറയും അതിനു സമീപത്തായുളള തിരുവള്ളൂര്‍ പ്രതിമയും ക്ഷേത്രത്തിന് 7 കി.മീ അകലെയായി മരുത്വാമലയും കാണാം. ഹനുമാന്‍ സ്വാമി മൃതസഞ്ജീവനിയ്‌ക്കായി മരുത്വാമല കൊണ്ടു പോകുമ്പോള്‍ അതില്‍ നിന്നും ഒരു കഷ്ണം അടര്‍ന്നു വീണാണ് ഈ മല ഉണ്ടായതെന്നാണ് എന്നാണ് ഐതീഹ്യം. അതുകൊണ്ടുതന്നെ ഇവിടെ ഒരുപാട് ഔഷധസസ്യങ്ങളുണ്ട്. സിദ്ധ വൈദ്യം, ആയുര്‍വേദം എന്നീ പാരമ്പര്യ ചികിത്സയ്‌ക്കായി ഇവയാണ് ഉപയോഗിക്കുന്നത്. ശുചീന്ദ്രനാഥാ ക്ഷേത്രം, പത്മനാഭ കൊട്ടാരം, അഗസ്ത്യാര്‍മല തുടങ്ങി ഒരുപാട് വ്യത്യസ്തമായ കാഴ്ചകള്‍ ക്ഷേത്രത്തിന് അടുത്തായുണ്ട്.
സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്തു നിന്നു തന്നെ ഏകദേശം ഒരുപോലെ കാണാമെന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ മൂന്ന് കടലുകള്‍ ഒന്നിച്ചുചേര്‍ന്നുന്ന അപൂര്‍വ ത്രിവേണിസംഗമം കന്യാകുമാരിയെ വ്യത്യസ്തമാക്കുന്നു.