ന്യൂഡൽഹി: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാതശിശുക്കൾ മരിച്ചു. ശനിയാഴ്ചയാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായെന്ന് അറിയിച്ച് തങ്ങൾക്ക് ഫോൺകോൾ ലഭിച്ചതെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി.
ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയിലാണ് സംഭവം. തീയണക്കാനായി ഒമ്പത് ഫയർഫോഴ്സ് യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്. 12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിന്ന് രക്ഷിച്ചുവെങ്കിലും ഇതിൽ ഏഴ് പേർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മറ്റ് ആറ് കുട്ടികൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഡൽഹി സഹാദ്ര ഏരിയയിലെ റസിഡൻഷ്യൽ ബിൽഡിങ്ങിലും ശനിയാഴ്ച തീപിടത്തമുണ്ടായി. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് 13 പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷിച്ചത്. രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 24 പേർ കൊല്ലപ്പെട്ട ദിവസം തന്നെയാണ് ഡൽഹിയിലെ ആശുപത്രിയിലും തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഗുജറാത്ത് സർക്കാർ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.