അഗളി : 25കാരൻ ചികിത്സകിട്ടാതെ മരിച്ചു. അട്ടപ്പാടി ഒമ്മലസ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരംവീണ് പരിക്കേറ്റ 25 വയസ്സുകാരനെ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു മരണം. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള വെന്റിലേറ്റര്‍ ആംബുലന്‍സ് കാത്ത് കോട്ടത്തറയിലെ അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ മൂന്നുമണിക്കൂറോളമാണ് കിടക്കേണ്ടിവന്നത്.
ഏറെ വൈകി ഒറ്റപ്പാലത്തുനിന്ന് ആംബുലന്‍സ് എത്തിച്ചെങ്കിലും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടെ ഫൈസല്‍ മരിച്ചു. കോട്ടത്തറ ആശുപത്രിയിലെ വെന്റിലേറ്റര്‍ സൗകര്യമുള്ള രണ്ട് ആംബുലന്‍സുകളും ഇപ്പോള്‍ കട്ടപ്പുറത്താണ്. ഇതാണ് യുവാവിന്റെ ജീവനെടുത്തത്. . കാവുണ്ടിക്കല്ലില്‍ പ്ലംബിങ് പണിക്കിടയില്‍ ഉച്ചഭക്ഷണംകഴിക്കാനായി ഓട്ടോറിക്ഷയില്‍ അഗളിയിലെത്തി തിരിച്ചു മടങ്ങുകയായിരുന്നു ഫൈസലും സുഹൃത്തുക്കളും. ഗൂളിക്കടവില്‍വെച്ച് മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീഴുകയായിരുന്നു.
ഗുരുതരപരിക്കേറ്റ ഫൈസലിനെ കോട്ടത്തറയിലെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള എ.എല്‍.എസ്. (അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട്) ആംബുലന്‍സ് വേണമെന്നും പറഞ്ഞു. ഒറ്റപ്പാലത്തുനിന്ന് വെന്റിലേറ്റര്‍ ആംബുലന്‍സ് എത്തിയത് ആറുമണിയോടെയാണ്. പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം.