ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. തീപിടുത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരണമടഞ്ഞു അഞ്ച് കുട്ടികൾ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ മരണ സംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് രാത്രി പതിനൊന്നരയോടെ തീപിടിത്തമുണ്ടായത്. തുടർന്ന് 16 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.
തീ പൂർണമായി അണച്ചതായും 12 കുട്ടികളെ ആശുപത്രിയിൽ നിന്ന് പുറത്തെടുത്തതായും ഫയർ ഓഫീസർ വ്യക്തമാക്കി. ഇതിൽ ആറ് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഒരു നവ ജാതശിശുവിനെ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു . അഞ്ച് കുട്ടികള്‍ അതീവ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തീപിടിത്തത്തിൽ ആശുപത്രിയില്‍ ഉണ്ടായിരുന്ന നിരവധി ഓക്‌സിജന്‍ സിലിണ്ടറുകൾ കത്തിനശിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
ഡൽഹി ഷഹ്ദാരയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലും കഴിഞ്ഞ ദിവസം രാത്രി തീപിടിത്തം ഉണ്ടായിരുന്നു. അഞ്ച് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിൽ 13 പേരെ രക്ഷപ്പെടുത്തി ഇവർ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ ഗുജറാത്ത് രാജ്കോട്ടിൽ ഗെയിമിങ് സോണിലുണ്ടായ തീപിടുത്തത്തിൽ 24 പേര്‍ മരിച്ചിരുന്നു. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്കൂൾ വേനലവധിയായതിനാൽ കുട്ടികളടക്കം നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നു. സ്വകാര്യ ഗെയിമിങ് സെന്ററിലാണ് ശനിയാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. യുവരാജ് സിംഗ് സോളങ്കി എന്ന വ്യക്തിയുടേതാണ് ഗെയിമിംഗ് സെൻ്റെർ. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപതി മുർമു എന്നിവർ അനുശോചിച്ചു.