Sports

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം 2024; തലസ്ഥാനത്ത് 25,000 പേര്‍ പങ്കെടുക്കുന്ന ഒളിമ്പിക് റണ്‍

ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ 25,000 പേര്‍ പങ്കെടുക്കുന്ന ഒളിമ്പിക് റണ്‍. ജൂണ്‍ 23 ന് മാനവീയം വീഥിയില്‍ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, ഒളിമ്പ്യന്മാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, പ്രശസ്ത സ്പോര്‍ട്സ് താരങ്ങള്‍, കായിക സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഒളിമ്പിക് റണ്ണിന്റെ ഭാഗമാകും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി അയ്യായിരം മുതല്‍ പതിനായിരം പേര്‍ വരെ പങ്കെടുക്കുന്ന ഒളിമ്പിക് റണ്‍ നടക്കും. തിരുവനന്തപുരത്ത് രാവിലെ 9.30 നാണ് ഒളിമ്പിക് റണ്‍ ആരംഭിക്കുന്നത്.

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷന്‍ നടത്തുന്ന പരിപാടിയില്‍ പാരീസ് ഒളിമ്പിക്സിന്റെ കൗണ്ട് ഡൗണ്‍ അടയാളപ്പെടുത്തുകയും ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയാശംസകള്‍ നേരുകയും ചെയ്യും. എല്ലാ ജില്ലകളിലും അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ കായിക ഇനങ്ങളുടെ മത്സരങ്ങള്‍, മദ്യത്തിനും മയക്കുമരുന്നിനും ഉത്തേജക മരുന്ന് ഉപയോഗത്തിനുമെതിരായ ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍, രക്തദാന ക്യാമ്പ്, മുന്‍ കായിക താരങ്ങളുടെ പുനഃസമാഗമം, സെമിനാറുകള്‍, ചിത്രരചനാ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ജൂണ്‍ 17 മുതല്‍ 23 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് പ്രസിഡന്റ് വി. സുനില്‍കുമാര്‍ അറിയിച്ചു.

 

ഒളിമ്പിക് റണ്ണില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഒളിമ്പിക് അസോസിയേഷന്റെ വെബ്സൈറ്റ് ആയ ‘keralaolympic.org’ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 500 പേര്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക്, പങ്കെടുക്കുന്ന എല്ലാവര്‍ക്കും വ്യക്തിഗത സര്‍ട്ടിഫിക്കറ്റും സ്ഥാപനത്തിന്റെ പേരില്‍ ഡിപ്ലോമയും മെമന്റോയും പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സ്ഥാപനത്തിന്റെ ലോഗോ പതിപ്പിച്ച ടി ഷര്‍ട്ടും നല്‍കുന്നതാണ് . കുറഞ്ഞത് 250 പേര്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കുന്ന എല്ലാവര്‍ക്കും വ്യക്തിഗത സര്‍ട്ടിഫിക്കറ്റും സ്ഥാപനത്തിന്റെ പേരില്‍ ഡിപ്ലോമയും, ടി ഷര്‍ട്ടും നല്‍കുന്നതാണ്.

ആധുനിക ഒളിമ്പിക്സ് യാഥാര്‍ഥ്യമായതിന്റെയും, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 1894 ല്‍ പിയറി ഡി കുബര്‍ട്ടിന്‍ സ്ഥാപിച്ചതിന്റെയും ഓര്‍മ്മക്കായിട്ടാണ് ജൂണ്‍ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനമായി ആചരിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ കീഴിലുള്ള ദേശീയ ഒളിമ്പിക് കമ്മിറ്റികളും അവരുടെ കീഴിലുള്ള ദേശീയ കായിക സംഘടനകളും, പ്രാദേശിക ഒളിമ്പിക് കമ്മിറ്റികളും എല്ലാ വര്‍ഷവും ഒളിമ്പിക് ദിനം ആചരിച്ചു വരുന്നു. കായിക രംഗത്ത് സജീവമായി പങ്കെടുക്കുവാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഒളിമ്പിക് ദിനമായ ജൂണ്‍ 23 ന് കൂട്ടയോട്ടം ഉള്‍പ്പെടെയുള്ള വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ‘Let’s Move’ എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ വര്‍ഷം അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കുന്നത്. ദിവസേനയുള്ള വ്യായാമത്തിലൂടെ ആരോഗ്യ സംരക്ഷണത്തിന് പൊതു ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ‘Let’s Move’ എന്ന ആശയം കൊണ്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഉദ്ദേശിക്കുന്നത്. പാരീസ് ഒളിമ്പിക്സ് 2024 ന്റെ വരവറിയിച്ചുകൊണ്ട് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഒളിമ്പിക് ദിനം സമുചിതമായി ആഘോഷിക്കുന്നു എന്നുള്ളത് ഈ ദിനത്തെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നു.