Television

Bigg Boss Malayalam Season 6: ‘ഇഞ്ചോടിഞ്ച് പോരാട്ടം’: ഒടുവിൽ ആ രണ്ടു മത്സരാർത്ഥികളെയും കടത്തിവെട്ടി ഈ സീസണിലെ അവസാന ക്യാപ്റ്റനായി സിജോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ അവസാന ക്യാപ്റ്റനെ തിരഞ്ഞെടുത്തു. എല്ലാ തവണത്തെയും പോലെ മൂന്ന് പേരാണ് ഇത്തവണ ക്യാപ്റ്റന്‍സി മത്സരത്തില്‍ പങ്കെടുക്കാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അര്‍ജുന്‍, ജിന്‍റോ, സിജോ എന്നിവരായിരുന്നു ആ മൂന്ന് മത്സരാർത്ഥികൾ. ഇവര്‍ മൂന്ന് പേരും നേരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയിട്ടുള്ളവരാണ്.

അര്‍ജുനായിരുന്നു ഈ സീസണിലെ ആദ്യ ക്യാപ്റ്റന്‍. സിജോ ക്യാപ്റ്റന്‍ ആയിട്ടുണ്ടെങ്കിലും റോക്കിയില്‍ നിന്ന് പരിക്കേറ്റതിനെത്തുടര്‍ന്ന് ആ വാരം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ബുദ്ധിയും ഓര്‍മ്മയും പരിശോധിക്കുന്ന ചോദ്യങ്ങളും ഒപ്പം ഒരു ഫിസിക്കല്‍ ടാസ്കും ചേര്‍ന്നതായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്ക്. എല്ലാ ടാസ്കുകളും പൂര്‍ത്തിയായപ്പോള്‍ ജിന്‍റോയേക്കാളും അര്‍ജുനെക്കാളും കൂടുതൽ പോയിന്‍റുകള്‍ നേടിയത് സിജോയാണ്. ആക്റ്റിവിറ്റി ഏരിയയില്‍ സ്ക്രീനിലൂടെ എത്തിയ മോഹന്‍ലാല്‍ ആണ് മത്സരാർത്ഥികളോട് ചോദ്യങ്ങള്‍ ചോദിച്ചത്. നിലവിലെ ക്യാപ്റ്റന്‍ അഭിഷേകിന് മാത്രമാണ് ഇവരെക്കൂടാതെ ആക്റ്റിവിറ്റി ഏരിയയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. പിന്നാലെ സിജോയെ മോഹന്‍ലാല്‍ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.

സീസണിലെ അവസാന ക്യാപ്റ്റന്‍ എന്ന പ്രത്യേകതയുണ്ട് പുതിയ ക്യാപ്റ്റന്. അതിനാല്‍ത്തന്നെ ക്യാപ്റ്റന് സ്ഥിരമുള്ള ഒരു അവകാശം ഇക്കുറി ഉണ്ടാവില്ലെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അത് എന്താണെന്ന് പറഞ്ഞിട്ടില്ല. റസ്മിന്‍ പുറത്തായ കഴിഞ്ഞ തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിലും വോട്ടിംഗ് നടന്നത്. അല്ലാതെ പുതിയ നോമിനേഷന്‍ നടന്നിരുന്നില്ല. 75 ദിവസങ്ങള്‍ പിന്നിട്ട് അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സീസണ്‍ 6. ഇന്നലെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ 75-ാം ദിവസം.