Features

കത്തുമോ ബ്രഹ്മപുരം വീണ്ടും ? ആരാണ് SRറാവു, ഗെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ മടിച്ചതെന്ത് ?

പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയ മാലിന്യങ്ങള്‍

ബ്രഹ്മപുരം മാത്രമല്ല, കേരളത്തിലെ മാലിന്യക്കൂമ്പാരങ്ങള്‍ നിറഞ്ഞ ഇടങ്ങളെല്ലാം വ്യാപകമായി കത്തിപ്പടരാനുള്ള കാലം അടുത്തിരിക്കുകയാണ്. അത്രയേറെ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരിക്കുന്നു. തദ്ദേശ മന്ത്രിയും കുടുംബവും വിദേശ പര്യടനത്തിലാണ്. കേരളം മഴക്കാലത്തിന്റെ ദുരിതത്തില്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തദ്ദേശമന്ത്രിക്ക് എന്താണ് പ്രശ്‌നം. എല്ലാ മിഷണറികളും സജീവമാക്കാന്‍ സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസില്‍ തന്നെ ഇരിക്കണമെന്ന വാശിയൊന്നുമില്ല. ലോകത്തിന്റെ എവിടെ ഇരുന്നാലും കേരളത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രത്യേകം കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞ കാലമാണിപ്പോള്‍.

പക്ഷെ, ദുരിതങ്ങള്‍ നേരിട്ടനുഭവിക്കുന്ന വോട്ടര്‍മാര്‍ക്ക് പറയാനള്ള ഒരു കാര്യമിതാണ്. കേരളത്തെ ശരിയാക്കാതെ ലോകം ചുറ്റുമ്പോള്‍ ഓര്‍ക്കുക വല്ലപ്പോഴും, ദൈവം കൈവിട്ട നാടാണ് കേരളമെന്ന്. തദ്ദേശ സ്ഥാപനങ്ങളുടെ മന്ത്രിക്കില്ലാത്ത ഉത്സാഹം എങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടാവുക. നിര്‍ജ്ജീവമായി നില്‍ക്കുന്ന സ്ഥാപനങ്ങളെ ജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട് ജനങ്ങള്‍ക്കു വേണ്ടി നിര്‍ദ്ദേശങ്ങള്‍ നല്കി നടപ്പാക്കാനാണ് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത്. ഈ ബോധ്യം എന്നാണോ ഇല്ലാതായത്, അന്നു മുതല്‍ ഇവര്‍ വെറും ജനത്തിന്റെ മേല്‍ അധികാരം പ്രയോഗിക്കുന്ന സ്വേച്ഛാധിപതികളാി മാറിക്കഴിഞ്ഞു.

അതിന്റെ ഭാഗമായാണ് ബ്രഹ്മപുരം പോലുള്ള മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ കത്തിയതും മനുഷ്യരെ നിത്യ രോഗികളാക്കിയതും. മഴക്കാലത്ത് മാലിന്യങ്ങള്‍ കത്തില്ലെന്ന് കത്തിച്ചവര്‍ക്കും, കത്തിച്ചവരുടെ നേതാക്കള്‍ക്കും നല്ലതു പോലെ അറിയാവുന്നതു കൊണ്ട് തത്ക്കാലംസമാധാനമുണ്ട്. പക്ഷെ, വരാനിരിക്കുന്ന വേനലില്‍ മാലിന്യങ്ങളെല്ലാം കൂട്ടത്തോടെ കത്തുമെന്നുറപ്പാണ്. ഓര്‍മ്മയുണ്ടോ ദിവസങ്ങളോളം വിഷപ്പുക തുപ്പിയ ബ്രഹ്മപുരം പ്ലാന്റിനെ. എങ്ങനെ മറക്കാനാണ്. അഥവാ മറക്കാന്‍ തോന്നിയാലും വിളപ്പിശാല പ്ലാന്റും ഞെളിയന്‍ പറമ്പും നമ്മളെ വിളിച്ചുണര്‍ത്തിക്കൊണ്ടേയിരിക്കും.

നിലയ്കകാത്ത അഗ്നി ഗോളങ്ങള്‍ ആകശത്തുയര്‍ന്ന ബ്രഹ്മപുരം കത്തിയപ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ നിശ്ചയിക്കുന്ന തിരക്കിലായിരുന്നുവെന്നത് ഇന്നും ഓര്‍മ്മകളില്‍ നിറയുന്നുണ്ട്. മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്ത ഒരു സര്‍ക്കാരും അതിനും കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളും ലോക തോല്‍വിയാണെന്ന് ജനം പറഞ്ഞു തുടങ്ങിയപ്പോഴും, സര്‍ക്കാര്‍ ഐരെയൊക്കെയോ കുറ്റപ്പെടുത്തുന്ന തിരക്കിലും എന്തൊക്കെയോ ഒളിപ്പിക്കാനുള്ള ശ്രമത്തിലുമായിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തെ ലാഘവത്തോടെ കണ്ടവരാണ് സര്‍ക്കാരും പരിവാരങ്ങളും. കാരണം, അഴരുടെ പാര്‍ട്ടിയിലെ നേതാവിന്റെ കുടുംബം ടെണ്ടറെടുക്കുകയോ, നടത്തിക്കുകയോ ചെയ്തിരുന്ന സംവിധാനമായിരുന്നു ബ്രഹ്മപുരം.

മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയതെ വന്നപ്പോഴായിരുന്നു അന്ന് തീയിടാന്‍ തീരുമാനിച്ചത്. തീ കത്തിയെന്നത് സത്യമാണ്. പക്ഷെ, ആരാണ് കത്തിച്ചതെന്ന് ഇന്നും ആരും സമ്മതിച്ചതുമില്ല, കണ്ടെത്തിയുമില്ല എന്നതാണ് തമാശ. ഓര്‌ത്തെടുക്കാനുള്ള മറ്റൊരു മാലിന്യ പക്ഷോഭമാണ് വിളപ്പിശാല. നഗരവാസികളുടെ മാലിന്യം പേറേണ്ടത് ഗ്രാമങ്ങളല്ലെന്ന സന്ദേശമായിരുന്നു അന്ന് ഉയര്‍ന്ന് കേട്ടത്. വിളപ്പിശാലയില്‍ ജനകീയ സമരം തീജ്വാലയാവുകയായിരുന്നു. മാലിന്യത്തിനെതിരേ നടത്തിയ ആ സമരം ബ്രഹ്മപുരത്തിന്റെ പരിസരങ്ങളില്‍ ഉണ്ടായില്ല എന്നതാണ് കൗതുകം. മാലിന്യം കത്തിയുണ്ടാകുന്ന കൊടിയ വിഷപ്പുക നിറഞ്ഞ് എറണാകുളം ശ്വാസം മുട്ടിയപ്പോള്‍ സ്വേഛ്ഛാധിപതികളായി മാറിയ മന്ത്രിമാര്‍ക്കോ അവരുടെ സംവിധാനങ്ങള്‍ക്കോ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാനായില്ല. എന്നതാണ് സത്യം.

മറുത്തൊരു ചോദ്യമോ, സമരമോ ഒന്നുമില്ലാതായിരുന്നതു കൊണ്ട് ഭരണകൂടത്തിന് തലവേദനയുമില്ലായിരുന്നു. എന്നാല്‍, ഒരു നാട്ടിലെ കൊച്ചു കുട്ടികള്‍ അടക്കമുള്ളവരെ വലിയ രോഗികളാക്കി മാറ്റാനാകുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ എടുത്തിരുന്നത് എന്ന ചോദ്യം ഉയരേണ്ടത് തെരഞ്ഞെുപ്പ് രാഷ്ട്രീം നാണമില്ലാതെ വിളമ്പുമ്പോഴാണെന്ന് മറക്കരുത്. രാഷ്ട്രീയക്കാര്‍ സംശുദ്ധതുടെ മാതൃകകളായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ഓര്‍മ്മിപ്പിക്കേണ്ട ബാധ്യത ജനങ്ങളിലേക്കെത്തിയിരിക്കുന്നു എന്നു മനസ്സിലാക്കണം.

അന്നത്തെ തീ പിടുത്തത്തെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തി നിന്നത്, സി.പി.എമ്മില്‍ തന്നെയായിരുന്നു. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ നിര്‍മാര്‍ജനത്തിന് കരാര്‍ ലഭിച്ച കമ്പനി 55 കോടിക്ക് കരാര്‍ ഏറ്റെടുത്തു. അതില്‍ 14 കോടി കൈപ്പറ്റിയെങ്കിലും മാലിന്യ സംസ്‌കരണം മാത്രം നടന്നില്ല. മാലിന്യം കുമിഞ്ഞുകൂടി കുന്നായി മാറിയിട്ടും അധികൃതരും അങ്ങാപ്പാറകളായി. അതേസമയം, ഈ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഡയറക്ടര്‍ സിപിഎം നേതാവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ‘രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള ‘. മുഖ്യമന്ത്രി ഇടയക്കിടയ്ക്ക് മാധ്യമ പ്രവര്‍ത്തകരോട് ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ‘ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല’ എന്ന്.

ശരിയാണ്. ഈ പാര്‍ട്ടിയെ കുറിച്ചും പാര്‍ട്ടിയിലെ നേതാക്കളുടെ ഇടപാടുകളെ കുറിച്ചും ഒന്നുമറിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് മാലിന്യം കുമിഞ്ഞു കൂടിയപ്പോള്‍, പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാധ്യമ സ്ഥാപനം മുന്‍കയ്യെടുത്ത് ഡോക്ടര്‍ എസ്.ആര്‍ റാവുവിനെ കൊണ്ടുവന്നു. പ്ലേഗ് ബാധിച്ച സൂറത്തിനെ ക്ലീന്‍ ചെയ്ത് കുട്ടപ്പനാക്കി കൊടുത്ത ടാസ്‌ക് മാസ്റ്ററായിരുന്നു റാവു. അദ്ദേഹം അന്നു പറഞ്ഞത് ഇങ്ങനെയാണ്. ‘ഇവിടെ ശരാശരി മാലിന്യം ഒരു ദിവസം ഏറിയാല്‍ 25/30 ടണ്ണാണ്. സൂറത്തില്‍ 300 ടണ്ണാണ്. അത് കൈകാര്യം ചെയ്യാമെങ്കില്‍ എറണാകുളം നിസ്സാരം!’ എന്നാല്‍, ഇടതു സൈബര്‍ പോരാളികളും, സ്ലീപ്പിംഗ് സെല്‍ അണികളും ഇതിനിടയില്‍ വലിയൊരു കണ്ടു പടുത്തം നടത്തി. ‘സൂറത്ത് ഗുജറാത്തിലാണ്’ ഗുജറാത്തെന്നു കേട്ടാല്‍ ചുവപ്പുകണ്ട കാളയപ്പോലെയാണ് ഇടതുപക്ഷക്കാരെന്ന് ആര്‍ക്കാണറിയാത്തത്.

ഗുജറാത്തെന്നാല്‍, മോദി എന്ന് ധരിച്ചു വശായിരിക്കുന്നവര്‍ക്കു മുമ്പിലേക്ക് റാവുവിനെ കൊണ്ടുവരാന്‍ ആ മാധ്യമ സ്ഥാപനത്തിന് ധൈര്യം പോരാതെ വന്നു. അന്നുരാത്രി തന്നെ റാവുവിനെ കേരളത്തില്‍ നിന്നും കടത്താന്‍ റിട്ടേണ്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്തു കൊടുത്തു. അദ്ദേഹം പോയി. ബ്രഹ്മപുരം പഴയപടിയുമായി. ഇന്നത് വിഷം വമിപ്പിക്കുന്ന വലിയ ശാപമായി മാറുകയും ചെയ്തു. പിന്നീടുണ്ടായത് ചരിത്രമാണ്. സൂറത്തും കര്‍ണാവതിയും വഡോദരയും തിളങ്ങി. ഗുജറാത്തിലെ പ്രധാന സിറ്റികളില്‍ നടപ്പാക്കിയ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ കുറിച്ച് പഠിക്കാന്‍ ബ്രഹ്മപുരത്തെ വിഷമയമാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ ഗുജറാത്ത് സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനം വലിയ വിവാദമാവുകയും ചെയ്തു.

അപ്പോഴും ബ്രഹ്മപുരം ചീഞ്ഞുനാറിക്കൊണ്ടിരുന്നു. മാലിന്യങ്ങള്‍ കടുത്ത സൂര്യതാപത്തില്‍ ഉണങ്ങി, അതുപിന്നെ നിന്നുകത്തുകയും ചെയ്തു. ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നേരെയാക്കാന്‍ വന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗെയില്‍ തയ്യാറായതാണ്. സ്ഥലം മാത്രം ലീസിനു നല്‍കിയാല്‍, ഗെയില്‍ കൊച്ചിയിലെ മുഴുവന്‍ മാലിന്യവും അവരുടെ സ്വന്തം ചിലവില്‍ സംസ്‌ക്കരിച്ച് അതില്‍ നിന്നും ലഭിക്കുന്ന നാച്വറല്‍ ഗ്യാസ് പൊതു ഉടമസ്ഥതയില്‍ ഉള്ള ബസ്സുകള്‍ക്ക്, അതായത് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാനുള്ള പദ്ധതി ആയിരുന്നു മുന്നോട്ടു വെച്ചത്. ഗെയില്‍, കേരള സര്‍ക്കാരിന് അപേക്ഷ കൊടുത്തു. അപേക്ഷിച്ച് 6 മാസം കാത്തിരുന്നു. സര്‍ക്കാരില്‍ നിന്നോ, പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്ന കൊച്ചി നഗരസഭയില്‍ നിന്നോ അനുകൂല തീരുമാനം ഉണ്ടായില്ല.

6 മാസത്തിന് ശേഷം ഗെയില്‍, പദ്ധതിയില്‍ നിന്നും പിന്മാറുകയും ചെയ്തു. ഈ പദ്ധതി ഗെയില്‍, മധ്യപ്രദേശില്‍ നടപ്പാക്കി. ഇവിടുത്തെ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഏഷ്യയിലെ ഏറ്റവും വലുതും ഒരു വര്‍ഷം 400 ബസ്സുകള്‍ക്ക്, ഇതില്‍ നിന്നും നാച്വറല്‍ ഗ്യാസും നല്‍കുന്നുണ്ട്. കൊച്ചി നഗരസഭക്ക് യാതൊരു സാമ്പത്തിക ബാധ്യത ഇല്ലാതെ, ഗെയില്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം സ്വന്തം ചിലവില്‍ പദ്ധതി നടപ്പാക്കാം എന്നു പറഞ്ഞ് അനുവദിക്കാത്തതെന്താണെന്ന് ഓരോ മലയാളിയും ചിന്തിക്കണം. ഇപ്പോള്‍ വേസ്റ്റ് സംസ്‌കരണമൊന്നും നടക്കാതെ, മാലിന്യം ലോറിയില്‍ കൊണ്ട് അടിക്കുന്ന വലിയ അഴിമതിയാണ് നടക്കുന്നത്.

ഈ ലോറികളില്‍ ഭൂരിഭാഗവും ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ബിനാമി പേരിലാണെന്നതും മറന്നുപോകാതിരിക്കാം. കരിമണല്‍ മാഫിയയെ കുറിച്ച് പരസ്പരം വിളിച്ചു പറഞ്ഞതും, കരുവന്നൂര്‍ ബാങ്ക് കൊള്ളയും നമ്മള്‍ കണ്ടതാണ്. 5 ലോഡ് വേസ്റ്റ് കൊണ്ട് പോയാല്‍ 10 ലോഡ് എന്ന് കാണിച്ച് ഇവിടുത്തെ നികുതി പണം കൊള്ളയടിക്കും. ഗെയില്‍ ഈ പദ്ധതിയില്‍ വന്നാല്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് എന്ന പേരില്‍ കോടികളുടെ അഴിമതി നടത്താന്‍ കഴിയില്ല. ഇതാണ് കേരളത്തിലെ ഭരണകൂടങ്ങളുടെ മനസ്സിലിരുപ്പ്. സ്വയം പ്രബുദ്ധരെന്നു കരുതുന്ന മലയാളികള്‍ എന്ന് അഴിമതിക്കെതിരെ പ്രതികരിച്ചു തുടങ്ങും എന്നതൊരു വലിയ ചോദ്യമാണ്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ കേരളം അഴിമതിയുടെ ചെളിക്കുഴിയിലേക്ക് ആണ്ടു പോകുമെന്നുറപ്പാണ്.