മക്ക : ഇന്ത്യൻ ഹജ് തീർഥാടകരുടെ നഷ്ടപ്പെട്ട ബാഗുകളും മറ്റും വീണ്ടെടുത്ത് ഉടമയ്ക്ക് എത്തിക്കുന്നതിന് ഇന്ത്യൻ ഹജ് മിഷനു കീഴിൽ മക്കയിലും മദീനയിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തി. മിസ്പ്ലേസ്ഡ് ബാഗേജ് സെൽ എന്ന പേരിൽ തുറന്ന ഓഫിസ് വഴിയാണ് പ്രവർത്തനം. നഷ്ടപ്പെട്ട വസ്തുക്കൾ സംബന്ധിച്ച് ലഭിച്ച പരാതി ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം വിവരങ്ങൾ ഉദ്യോഗസ്ഥന്മാരുടെയും വൊളന്റിയർമാരുടെയും തീർഥാടകരുടെയും ഗ്രൂപ്പിൽ ഷെയർ ചെയ്യും.
കണ്ടുകിട്ടുന്ന വസ്തുക്കൾ ബന്ധപ്പെട്ടവർ മക്കയിലോ മദീനയിലോ ഉള്ള മിസ്പ്ലേസ്ഡ് ബാഗേജ് സെല്ലിനെ അറിയിക്കണം. തുടർന്ന് ഉദ്യോഗസ്ഥർ യഥാർഥ ഉടമയെ കണ്ടെത്തി കൈമാറുന്നതാണ് സംവിധാനം. ടാഗ് ഇല്ലാത്ത ബാഗേജ് ആണെങ്കിൽ പരാതി രേഖപ്പെടുത്തി തെളിവുകൾ നിരത്തി വീണ്ടെടുക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു.
നഷ്ടപ്പെട്ട ബാഗ് തിരിച്ചുകിട്ടിയ സന്തോഷത്തിൽ നൂറുൽ ഹഖ്. ഹജ് കാലയളവിൽ കുറഞ്ഞത് രണ്ടര ലക്ഷം ബാഗ് എങ്കിലും കൈകാര്യം ചെയ്യേണ്ടിവരും. ശ്രമകരമായ ദൗത്യമാണെങ്കിലും സുഗമമായി ചെയ്യാൻ പരമാവധി ശ്രമിക്കുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം നൂറുൽ ഹഖ് എന്ന തീർഥാടകന്റെ നഷ്ടപ്പെട്ട ബാഗേജ് വീണ്ടെടുത്ത് നൽകിയതായും അറിയിച്ചു.