ബിസിനസ്, ആരോഗ്യം, ഫിനാൻസ്, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിൽ വിഭവങ്ങളുടെ ശരിയായ ഉപയോഗവും വിതരണവും ഉറപ്പാക്കുക; വിൽപനയും ലാഭവും കൂട്ടുക, ചെലവും നഷ്ടസാധ്യതകളും കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ഗണിതശാസ്ത്ര രീതികൾ അവലംബിക്കുന്ന പഠനശാഖയാണ് ഓപ്പറേഷൻസ് റിസർച്.
സ്റ്റാറ്റിസ്റ്റിക്കൽ തത്വങ്ങൾ, മാത്തമാറ്റിക്കൽ മോഡലിങ്, സിമുലേഷൻ, ഒപ്റ്റിമൈസേഷൻ ടൂളുകൾ എന്നിവയെല്ലാം ഓപ്പറേഷൻസ് റിസർച്ചിൽ ഉപയോഗപ്പെടുത്തുന്നു. ബിസിനസ്, ഫിനാൻസ്, ഇക്കണോമിക്സ് തുടങ്ങിയ മേഖലകളിലെ പ്രക്രിയകളെ അനുകരിക്കുന്ന ഗണിതശാസ്ത്ര മാതൃക സൃഷ്ടിക്കുകയും അതുവഴി ഏറ്റവും മെച്ചപ്പെട്ട പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് രീതി.
അതിനു പ്രത്യേക സോഫ്റ്റ്‌വെയറുകളും പ്രയോജനപ്പെടുത്തുന്നു. ഓപ്പറേഷൻസ് റിസർച് മുഖ്യ വിഷയമായുള്ള ബിരുദ പ്രോഗ്രാമുകൾ ഇന്ത്യയിൽ പരിമിതമാണ്. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻജിനീയറിങ്, കൊമേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ സിലബസിൽ ഈ വിഷയം ഉൾപ്പെടുത്താറുണ്ട്. മാത്‌സ് ഒരു വിഷയമായി സയൻസ് പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ബിരുദതലത്തിലും സ്റ്റാറ്റിസ്റ്റിക്സ്, മാത്‌സ്, എൻജിനീയറിങ് എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്ക് ബിരുദാനന്തര ബിരുദ തലത്തിലും ഓപ്പറേഷൻസ് റിസർച് പഠിക്കാൻ അവസരമുണ്ട്.