നടി ശ്രീദേവിയുടെ മകളാണ് ബോളിവുഡ് താരം ജാൻവി കപൂർ. മെയ് 31ന് തിയേറ്ററുകളിലെത്തുന്ന ‘മിസ്റ്റർ & മിസിസ് മഹി’ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ തിരിക്കിലാണ് ജാൻവി. അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മയുടെ മരണം തന്നെ എങ്ങനെ ബാധിച്ചുവെന്ന് താരം വെളിപ്പെടുത്തി. അമ്മയുടെ വിയോഗം തന്നെ കൂടുതൽ മതവിശ്വാസിയാക്കിയെന്നും കാഴ്ചപ്പാടുകൾ രൂപാന്തരപ്പെടുത്തിയെന്നും ജാൻവി പറഞ്ഞു.
ശ്രീദേവി വലിയ മതവിശ്വാസിയായിരുന്നെന്ന് സംഭാഷണിത്തിനിടെ ജാൻവി ഓർത്തു. “നമ്മുടെ ചില കാര്യങ്ങൾ പ്രത്യേക ദിവസങ്ങളിൽ ചെയ്യണമായിരുന്നു. വെള്ളിയാഴ്ചകളിൽ മുടി വെട്ടരുത്, വെള്ളിയാഴ്ചകളിൽ കറുപ്പ് വസ്ത്രം ധരിക്കുരുത്. കാരണം അത് ലക്ഷ്മി ദേവിയെ തടയും. അത്തരം അന്ധവിശ്വാസങ്ങളിലൊന്നും ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നാൽ, അമ്മ മരിച്ചതിനുശേഷം, ഞാൻ അതെല്ലാം വിശ്വസിക്കാൻ തുടങ്ങി.
അമ്മ ഉണ്ടായിരുന്നപ്പോൾ ഞാൻ ഇത്രയും മതവിശ്വാസിയും ആത്മീയ ചായ്‌വുള്ള ആളുമായിരുന്നോ എന്ന് എനിക്കറിയില്ല. അമ്മ ചെയ്യുന്നതു കൊണ്ട് ഞങ്ങൾ എല്ലാവരും ആ രീതികൾ പിന്തുടർന്നിരുന്നു. എന്നാൽ അമ്മയുടെ വിയോഗത്തെത്തുടർന്ന്, ഞങ്ങളുടെ സംസ്കാരവും ചരിത്രവും ഹിന്ദുമതവുമായുള്ള ബന്ധവും എല്ലാം കൂടി. ഞാൻ മതത്തിൽ കൂടുതൽ അഭയം പ്രാപിക്കാൻ തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്.
തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തോടും ബാലാജിയോടും അമ്മയ്ക്ക് വളരെ ഭക്തിയുണ്ടായിരുന്നെന്നും ജാൻവി കപൂർ പറഞ്ഞു. എപ്പോഴും ‘നാരായണ നാരായണ’ എന്ന് നാമം ജപിക്കുമായിരുന്നു. എല്ലാ വർഷവും ജന്മദിനത്തിൽ അമ്മ ക്ഷേത്രം സന്ദർശിക്കുമായിരുന്നു. അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാ വർഷവും ക്ഷേത്രം സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചു. അമ്മയുടെ മരണവുമായി താൻ പൂർണമായി പൊരുത്തപ്പെട്ടിട്ടില്ലെന്നും, ജാൻവി കൂട്ടിച്ചേർത്തു.