മലയാള സിനിമയുടെ പിന്നണി പ്രവർത്തകരിൽ സ്ത്രീ സാന്നിധ്യം കുറവാണ്. നടിയായും പ്രൊഡ്യൂസർ ആയും ഒരുപോലെ തിളങ്ങിയ താരമാണ് സാന്ദ്ര തോമസ്. സാന്ദ്രയുടെ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിൽ ആയിരുന്നു അരങ്ങേറ്റം. എന്നാൽ പിന്നീട് പല പ്രശ്നങ്ങളെ തുടർന്നും വിജയ് ബാബുവും സാന്ദ്ര തോമസും രണ്ടായി. ഇപ്പോഴിതാ തുടക്ക കാലത്തെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച പിഴവുകൾ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സാന്ദ്ര തോമസ്.
തനിക്ക് ചുറ്റും ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും സിനിമയുമായി ബന്ധമില്ലായിരുന്നു. പപ്പയും സഹോദരിയും ഒക്കെ കൂടെ ഉണ്ടെങ്കിലും കുറച്ചെങ്കിലും സിനിമയുമായി ബന്ധമുള്ളത് എനിക്ക് മാത്രമായിരുന്നു. ഇവര്‍ക്കാര്‍ക്കും സിനിമയെക്കുറിച്ച് അറിവില്ല. സാജിദ് വഴിയാണ് സിനിമയിലേക്കെത്തുന്നത്.
അവര്‍ വഴി ലിജിന്‍ അങ്ങനെ ഓരോരുത്തരെ ആയിട്ട് പരിചയപ്പെട്ടാണ് ആദ്യം സിനിമയിലേക്ക് എത്തുന്നത്. ഫസ്റ്റ് ഡേ ഷൂട്ട് കഴിയുമ്പോഴേക്കും പുല്ല് എടുത്തുകൊണ്ട് പോയ ആള്‍ക്കാര്‍ പൈസയ്ക്ക് വരുന്നു, ആര്‍ടിസ്റ്റ് പൈസയ്ക്ക് വരുന്നു, ടെക്‌നീഷ്യന്‍സ് പൈസയ്ക്ക് വരുന്നു, വള്ളക്കാര് വരുന്നു, അങ്ങനെ പല തരത്തിലുള്ള ആള്‍ക്കാര്‍ എന്റെ അടുത്ത് പൈസക്ക് വന്നു.
എന്തിനാണ് ഇവര്‍ക്കൊക്കെ പൈസ കൊടുക്കുന്നത് എന്നാണ് അന്ന് ചിന്തിച്ചത്. ഇതൊന്നും മാനേജ് ചെയ്യാന്‍ അന്നെനിക്ക് അറിയില്ലായിരുന്നു. ആദ്യത്തെ കുറച്ച് ദിവസം ശരിക്കും സ്ട്രഗിള്‍ ചെയ്തു. ക്യാമറയില്‍ നോക്കാതിരിക്കാന്‍ ചിലര്‍ക്ക് പൈസ കൊടുക്കേണ്ട അവസ്ഥ വന്നു. ഇത്തരം സ്ഥലത്ത് നേരത്തെ വര്‍ക്ക് ചെയ്തിട്ടില്ലായിരുന്നത് കൊണ്ട് തന്നെ ഇതെങ്ങനെ മാനേജ് ചെയ്യണം എന്ന് അറിയില്ല.
ആളുകളെ എങ്ങനെ മാനേജ് ചെയ്യണം എന്ന് അറിയില്ല. എല്ലാം ഭയങ്കര സ്‌ട്രേറ്റ് ആയിരുന്നു. നിങ്ങള്‍ അഭിനയിച്ചിട്ടില്ലല്ലോ. പിന്നെ എന്തിനാ നിങ്ങള്‍ക്ക് പൈസ തരുന്നത്, ഞാന്‍ തരില്ല, എന്ന് പറയുമ്പോഴേക്കും അവിടെ അടി നടക്കും. ഷൂട്ട് മുടങ്ങുന്ന അവസ്ഥ വരെ എത്തിയെന്നും സാന്ദ്ര തോമസ് അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യം താന്‍ വര്‍ക്ക് ചെയ്യുന്നത് ഇംഗ്ലീഷ് ടീച്ചര്‍ ട്രെയിനിംഗ് അക്കാദമിയില്‍ അഡ്മിന്‍ ആണ്. ആദ്യം അവര്‍ തന്ന ടാസ്‌ക്, 20 ദിവസത്തിനകം 20 കുട്ടികളെയെങ്കിലും ടീച്ചര്‍ ട്രെയിനിംഗിന് കൊണ്ടു വരണം എന്നതാണ്. ഞാന്‍ എങ്ങനെ അവരെ കണ്‍വീന്‍സ് ചെയ്ത് കൊണ്ടു വരും എന്നൊന്നും തനിക്ക് അറിയുമായിരുന്നില്ലെന്ന് പറയുകയാണ് സാന്ദ്ര തോമസ്.
‘എന്താണ് പരിപാടി എന്ന് തന്നെ ഞാന്‍ പഠിച്ച് വരുന്നേ ഉണ്ടായിരുന്നുള്ളു. അങ്ങന ഓരോരുത്തരോട് വിളിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് അവരെ എനിക്ക് കണ്‍വീന്‍സ് ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. എനിക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ലെങ്കിലും ഞാന്‍ അവരെ പറഞ്ഞ് കണ്‍വീന്‍സ് ചെയ്യാനായിട്ട് ശ്രമിക്കുന്നുണ്ടായിരുന്നു. 20 പേരെ ഞാന്‍ കൊണ്ടു വരികയും ചെയ്തു,’ സാന്ദ്ര തോമസ് പറയുന്നു.
‘അപ്പോള്‍ എനിക്ക് മനസിലായി എന്റെ സ്‌ട്രെങ്ങ്ത് എന്ന് പറയുന്നത് എന്റെ നെഗോസിയേഷന്‍ പവര്‍ ആണെന്ന്. നമുക്ക് വേണ്ടതെന്താണോ അതിലേക്ക് ഇവരെ കൊണ്ടു വരാന്‍ എനിക്ക് പറ്റുന്നുണ്ട്. അപ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കുന്നത് തന്നെ’- സാന്ദ്ര തോമസ് പറയുന്നു.