തിരുവനന്തപുരം : നിയമസഭാ സെക്രട്ടറിയായി തിരുവനന്തപുരം ഗവ.ലാ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.എൻ.കൃഷ്ണകുമാറിനെ തീരുമാനിച്ചു. ജൂൺ 10ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ചുമതലയേൽക്കും. കോഴിക്കോട് ലാ കോളേജിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിട്ടുണ്ട് . ഗവർണറുടെ അംഗീകാരത്തോടെ ഉത്തരവിറക്കും.
ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ഹൈക്കോടതി അവസാനിപ്പിച്ചതോടെ നിയമസഭാ സെക്രട്ടറിയായിരുന്ന എ.എം.ബഷീർ ഡിസംബറിൽ ചുമതല ഒഴിഞ്ഞിരുന്നു. നിയമവിദഗ്ദ്ധരുടെ പാനൽ തയ്യാറാക്കിയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പാറശാലയിൽ നടരാജപിള്ളയുടെയും മനോമണിയുടെയും മകനായി ജനനം. തിരുവനന്തപുരം ലാ കോളേജിൽ നിന്ന് എൽ.എൽ.ബിയും എൽ.എൽ.എമ്മും പാസായി.
കുസാറ്റിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റും നേടി. ഹൈക്കോടതിയിലും വഞ്ചിയൂർ കോടതിയിലും 10 വർഷത്തെ പ്രാക്ടീസിന് ശേഷം 2003ൽ സർവീസിൽ പ്രവേശിച്ചു. പതിനഞ്ചോളം പുസ്തകങ്ങളുടെ രചിയിതവാണ്. മികച്ച ഗവേഷകനുള്ള എൻ.ആർ.മാധവമേനോൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. അന്തർദേശീയ തലത്തിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പട്ടം ലക്ഷ്മീ നഗറിലാണ് താമസം. ഭാര്യ ഷിജി നിയമവകുപ്പിൽ അണ്ടർ സെക്രട്ടറിയാണ്. മകൻ അഡ്വ.മനു കൃഷ്ണ.എസ്.കെ, മകൾ ഐശ്വര്യ.എസ്.കെ (പ്ലസ് വൺ വിദ്യാർത്ഥിനി ).