ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ‘ഹൃദയം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത്- പ്രണവ് കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രം ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ആഗോള ബോക്സ് ഓഫീസില്‍ 81 കോടിയിലധികം ചിത്രം നേടിയിരുന്നു.
നിവിൻ പോളി തകർത്താടിയ ചിത്രത്തിൽ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ നിർമ്മിച്ചത്. വിഷു റിലീസായി തിയേറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമേ മികച്ച പ്രേക്ഷക പ്രശംസയും നേടി.
തട്ടത്തിൻ മറയത്ത് (2012), ഹൃദയം (2022) തുടങ്ങിയ റൊമാൻ്റിക് ചിത്രങ്ങൾ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ പുതിയ ഒരു മേഖലയിലേക്കാണ് ചുവടുവച്ചത്. പതിവ് റൊമാന്റിക് ഫാമിലി പ്രമേയങ്ങളിൽ നിന്നുള്ള വിനീതിന്റെ മാറ്റമായിരുന്നു വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ വിനീതും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
മോഹൻലാലും ശ്രീനിവാസനും അടക്കമുള്ളവര്‍ വിനീതിന്റെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നു. തന്നെ ആ പഴയ കാലത്തേയ്‍ക്ക് ചിത്രം കൊണ്ടുപോയി എന്നാണ് മോഹൻലാല്‍ അഭിപ്രായപ്പെട്ടത്. സിനിമ ലോകത്തെ പല സംഭവങ്ങളും ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ ഉള്‍പ്പെടുത്തിയത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഇത് എന്ന അഭിപ്രായവും പ്രേക്ഷകരെ ആകര്‍ഷിക്കാൻ കാരണമായി. സോണി ലിവിലൂടെയാണ് വർഷങ്ങൾക്കു ശേഷം ഒടിടിയിൽ എത്തുന്നത്. ജൂൺ 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.